ഷാരോണും കാമുകിയും ചേര്‍ന്ന് ജ്യൂസ് ചലഞ്ച് നടത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

പാറശാലയില്‍ പാനീയം കുടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാമുകി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെയാണ് യുവാവിന് ശാരീരികാസ്വാസ്ത്യമുണ്ടായത്. കഷായത്തിലാണോ ജ്യൂസിലാണോ മരണത്തിലേക്ക് നയിച്ച വിഷാംശം അടങ്ങിയിരുന്നതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

അതിനിടെ മരിച്ച ഷാരോണും കാമുകിയും ജ്യൂസ് ചലഞ്ച് ഗെയിമും നടത്തിയിരുന്നതായി കണ്ടെത്തി. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുടിക്കുന്ന ഗെയിമാണ് ഇരുവരും നടത്തിയത്. ഇതിനായി രണ്ട് കുപ്പി ജ്യൂസ് വാങ്ങി കുടിച്ചു. മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെണ്‍കുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോണ്‍ രാജിന് ഛര്‍ദ്ദില്‍ ഉണ്ടായതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

കാമുകിയുമായി ഷാരോണ്‍ രാജ് നടത്തിയ വാട്‌സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്ത് വന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പുറയുന്നുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. തനിക്കും ജ്യൂസില്‍ രുചി വ്യത്യാസം തോന്നി. അതാകാം ഛര്‍ദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നുണ്ട്.

വീഡിയോ കടപ്പാട് : ഏഷ്യാനെറ്റ്