പാറശാല ഷാരോണ്‍ കൊലക്കേസ് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഷാരോണ്‍ കൊലപാതകത്തില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാരോണിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങിയേക്കുമെന്ന സൂചന വന്നതിനു പിന്നാലെയാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഗ്രീഷ്മയെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും റൂറല്‍ എ സ് പി ഡി. ശില്‍പ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാല്‍, മറ്റൊരു ശുചിമുറിയില്‍വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറല്‍ എസ് പി പറഞ്ഞു. ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്.

അതേസമയം, ഗ്രീഷ്മയുടെ ബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ ?ഗ്രീഷ്മയുടെ അമ്മയെയും അച്ഛനെയും അമ്മാവനയും ബന്ധുവായ യുവതിയെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീഷ്മയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍, അമ്മയുടെ സഹോദരന്റെ മകള്‍ എന്നിവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറല്‍ എസ് പി ഓഫിസ് എന്നിവിടങ്ങളിലാണ് ചോദ്യം ചെയ്തത്.