തുലാവര്‍ഷം കനത്തു ; 8 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം , രാത്രി മഴ കൂടുതല്‍ ശക്തമാകും

സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു. തലസ്ഥാനത്തു കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴ് ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 8 ജില്ലകളിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് വൈകിട്ടോടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവര്‍ഷം കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെ ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെത്തെ ജാഗ്രത നിര്‍ദ്ദേശം.

തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ വടക്കന്‍ ശ്രീലങ്കന്‍ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയില്‍ നിന്ന് കേരളത്തിനും തമിള്‍നാടിനും മുകളിലൂടെ തെക്ക് കിഴക്കന്‍ അറബികടല്‍ വരെ നീണ്ടു നില്‍ക്കുന്ന ന്യുന മര്‍ദ്ദ പാത്തിയുടെയും ( trough ) സ്വാധീനഫലമായി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 4 വരെയുള്ള തീയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി / മിന്നല്‍ / മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി മഴ ശക്തമാകുമെന്നാണ് സൂചന. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.