നിയമവിരുദ്ധ ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് പടര്‍ന്നു പന്തലിക്കുന്ന നിയമവിരുദ്ധ ഡിജിറ്റല്‍ വായ്പാ ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ പണം തിരികെ ചോദിച്ച് ശല്യം ചെയ്യുന്നതും ബ്ലാക്ക്മെയിലിംഗും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. ദേശീയ സുരക്ഷ, സമ്പദ് വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയില്‍ ഇത്തരം ആപ്പുകള്‍ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും മന്ത്രാലയം സൂചിപ്പിക്കുന്നു. ” റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിയന്ത്രണം ഇല്ലാത്ത നിയമവിരുദ്ധ വായ്പാ ആപ്പുകള്‍ എസ്എംഎസുകള്‍, ഡിജിറ്റല്‍ പരസ്യങ്ങള്‍, ചാറ്റ് മെസഞ്ചറുകള്‍, മൊബൈല്‍ ആപ്പ് സ്റ്റോറുകള്‍ എന്നിവ വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നും” കത്തില്‍ പറയുന്നു. ഇത്തരം ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തിലാണെന്നും അവയില്‍ ചിലത് ഉടന്‍ നിരോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിയമവിരുദ്ധമായി വായ്പ നല്‍കുന്ന ആപ്പുകളെക്കുറിച്ച് ന്യൂസ് 18 അടുത്തിടെ ഒരു സീരീസ് പുറത്തിറക്കിയിരുന്നു. അത്തരം ആപ്പുകള്‍ എങ്ങനെയാണ് അനധികൃത ഷെല്‍ കമ്പനികളുടെ വെബ് ഉപയോഗിക്കുന്നതെന്നും പണം തട്ടിയെടുക്കാന്‍ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അതില്‍ വെളിപ്പെടുത്തിയിരുന്നു. ” ദുര്‍ബലരും താഴ്ന്ന വരുമാനക്കാരുമായ ആളുകള്‍ക്ക് ഹ്രസ്വകാല വായ്പകളോ മൈക്രോ ക്രെഡിറ്റുകളോ നല്‍കുന്ന അനധികൃത ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. ഇത്തരം ആപ്പുകളുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പോലുള്ള കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്നുണ്ട്.

ലോണ്‍ തിരിച്ചടപ്പിക്കാനുള്ള ഇവരുടെ രീതികള്‍ ഇന്ത്യയിലുടനീളമുള്ള നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ദേശീയ സുരക്ഷ, സമ്പദ് വ്യവസ്ഥ, പൗരസുരക്ഷ എന്നിവയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നുണ്ടെന്നും, ” ആഭ്യന്തര മന്ത്രാലയം കത്തില്‍ പറയുന്നു. ആര്‍ബിഐയുടെ ഫെയര്‍ പ്രാക്ടീസ് കോഡ് ലംഘിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള റിക്കവറി ഏജന്റുമാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് പൗരന്മാരെ ദ്രോഹിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.