ഗുജറാത്തിലെ തൂക്ക് പാലം അപകടം ; മരണം 130 കഴിഞ്ഞു

ഗുജറാത്തില്‍ മാച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 130 കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോ?ഗമിച്ചു കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 143 വര്‍ഷം പഴക്കമുള്ള തൂക്കുപാലമാണ് തകര്‍ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. നവീകരണത്തിനു ശേഷം ഗുജറാത്തി പുതുവത്സര ദിനമായ ഒക്ടോബര്‍ 26 നാണ് പാലം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ഗുജറാത്ത് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തലസ്ഥാന നഗരമായ അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മോര്‍ബിയിലാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം ഉണ്ടായത്. 140 വര്‍ഷത്തിലെറെ പഴക്കമുള്ള പാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി അഞ്ച് ദിവസം മുന്‍പാണ് തുറന്നുകൊടുത്തത്.

അതേസമയം അപകടത്തിന് മുന്‍പ് യുവാക്കളുടെ ഒരു സംഘം തൂക്കുപാലം കുലുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പാലം ആളുകളാല്‍ തിങ്ങിനിറഞ്ഞിരുന്നു. ആളുകള്‍ കുലുക്കിയതോടെ അത് ആടിയുലയുകയും പെട്ടെന്ന് പൊട്ടിവീഴുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. അപകടം നടക്കുന്ന സമയത്ത് നാനൂറോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. പാലം തകര്‍ന്നോടെ നിരവധി പേര്‍ നദിയിലേക്ക് വീണു.