ഓപ്പറേഷന്‍ ഗംഗ: ചന്ദ്രമോഹന്‍ നല്ലൂരിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം
വാർസോ: പോളണ്ടിലെ ഇന്ത്യൻ തമിഴ് സംഘം സംഘടിപ്പിച്ച ഗ്രാൻഡ് ദീവാളി ബാൾ 2022-ൽ പ്രഥമ ഇന്ത്യൻ കമ്മ്യൂണിറ്റി പുരസ്കാരം (സോഷ്യൽ ഐക്കൺ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി) പോളിഷ് മലയാളി ചന്ദ്രമോഹൻ നല്ലൂരിന് ലഭിച്ചു. അദ്ദേഹത്തോടൊപ്പം പോളിഷ് മലയാളികളായ ശ്യാമ ഷാജഹാന്‍, വിഷ്ണു വി.പി, ശ്രീനാഥ് കെ. ഗോവിന്ദന്‍, ജിന്‍സി പീറ്റര്‍, മര്‍ക്കസ് ആന്റണി, പ്രദീപ് നായര്‍, റോയി സുബ്രമണി എന്നിവരും ഓപ്പറേഷന്‍ ഗംഗയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി.
ഉക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയ സമയത്ത് യുദ്ധ മേഖലയില്‍ കുടുങ്ങിയവരെ സുരക്ഷിതരാക്കാന്‍ തുടങ്ങിയ ഭാരത സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ പദ്ധതി ഏകികരിക്കുന്നതില്‍ ചന്ദ്രമോഹന്‍ നല്ലൂരും, മറ്റു മലയാളികളും നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നഗ്മ മുഹമ്മദ് മാലിക് പുരസ്‌കാരം കൈമാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പോളണ്ടിലെ ഇന്ത്യന്‍ സ്ഥാനപതിയും നിരവധി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും അണിനിരന്ന ഓപ്പറേഷന്‍ ഗംഗയില്‍ പോളണ്ടില്‍ എത്തിയ പൗരന്മാര്‍ക്ക് ചന്ദ്രമോഹന്‍ നല്‍കിയ സേവനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യന്‍ പൗരന്മാര്‍ അതിര്‍ത്തി കടന്നെത്തിയ ആദ്യ നാള്‍ മുതല്‍ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളും രംഗപ്രവേശം ചെയ്ത ആദ്യ ദിവസങ്ങളില്‍ ആയിരകണക്കിന് സൗജന്യ സിം കാര്‍ഡുകള്‍ വിതരണം നടത്തിയും ഭാഷാ അടിസ്ഥാനത്തില്‍ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിപ്പിച്ചും യുദ്ധഭൂമിയില്‍ നിന്നെത്തിയവര്‍ക്കു അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കാന്‍ ചന്ദ്രമോഹന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിഞ്ഞു. പോളണ്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ 24 മണിക്കൂറും കര്‍മ്മനിരതനായ ചന്ദ്രമോഹന് പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള പ്രശംസയും ലഭിച്ചിരുന്നു.
ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഓപ്പറേഷന്‍ ഗംഗയില്‍ കണ്ടതെന്നും, അതേസമയം മലയാളായി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വാക്കുകള്‍ക്ക് അപ്പുറത്താണെന്നും, പുരസ്‌കാരം നിസ്വാര്‍ത്ഥ സന്നദ്ധ സേവകര്‍ക്കു സമര്‍പ്പിക്കുന്നതായും ചന്ദ്രമോഹന്‍ പറഞ്ഞു. ചടങ്ങിൽ തമിഴ് സംഘത്തിന് വേണ്ടി പ്രസിഡന്റ് യൂസഫ് മസ്താൻ ഖലേഷ നന്ദി അറിയിച്ചു.