ഷാരോണ്‍ കൊലപാതകം ഗ്രീഷ്മ തനിച്ചല്ല ; തെളിവുകള്‍ നശിപ്പിക്കാന്‍ അമ്മയും അമ്മാവനും കൂട്ടുനിന്നു

കേരളം ഞെട്ടിയ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിച്ചത് പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും എന്ന് പോലീസ്. കഷായത്തിന്റെ കുപ്പിയടക്കം ഇവര്‍ നശിപ്പിച്ചെന്ന് പോലീസ് പറയുന്നു. ഷാരോണ്‍ രാജിന്റെ മരണമറിഞ്ഞതോടെ ഇരുവര്‍ക്കും ഗ്രീഷ്മയെ സംശയമായി. തുടര്‍ന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു. ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷമായി ഷാരോണും ഗ്രീഷ്മയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഷാരോണ്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നല്‍കിയ മൊഴി. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതല്‍ വഷളായി. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണിനോട് പലകുറി പലരീതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഷാരോണിനെ ഒഴിവാക്കാന്‍ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഷാരോണിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങിയേക്കുമെന്ന സൂചന വന്നതിനു പിന്നാലെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഗ്രീഷ്മയെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗായത്രി, സുമ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷ വീഴ്ചയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാല്‍, മറ്റൊരു ശുചിമുറിയില്‍വച്ചാണ് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറല്‍ എസ് പി പറഞ്ഞിരുന്നു.