വിഴിഞ്ഞം ; സമരത്തിനെതിരെ ഒറ്റക്കെട്ടായി സിപിഐഎമ്മും ബിജെപിയും ഒരേ വേദിയില്‍
മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തിന് എതിരെയുള്ള ജനകീയ കൂട്ടായ്മാ വേദിയില്‍ ഒറ്റക്കെട്ടായി സിപിഐഎമ്മും ബിജെപിയും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷുമാണ് ഒരേ വേദിയില്‍ എത്തിയത്. വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. സമരത്തിനെതിരായ കൂട്ടായ്മകള്‍ക്ക് സി.പി.എം. പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നതെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. സര്‍ക്കാരും കോടതിയും ജനങ്ങളും സമരത്തിന് എതിരെയാണ്. ഇതിനാല്‍ കലാപത്തിന് ശ്രമം നടക്കുകയാണ്, ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടത്. അത്തരം സമരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ആനാവൂര്‍ പ്രതികരിച്ചു.
കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നായിരുന്നു വി.വി. രാജേഷ് പറഞ്ഞത്. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കുമെന്നും വി വി രാജേഷ് പറഞ്ഞു. സംയമനം പാലിച്ച് കൊണ്ട്, വിഴിഞ്ഞം യാഥാര്‍ത്ഥ്യം ആക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതി അനുകൂലിക്കുന്നവരുടെ ലോങ്ങ് മാര്‍ച്ച് ഉടന്‍ ആരംഭിക്കും. വിഴിഞ്ഞത്ത് തുറമുഖം നിര്‍മ്മിക്കുന്നതിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മയാണ് സമരത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയത്. സമരപന്തല്‍ പൊളിക്കണമെന്നും തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തരുതെന്നുമാണ് മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മ ആവശ്യപ്പെട്ടു. മുല്ലൂരിലെ തുറമുഖവിരുദ്ധ സമരത്തിനെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ചിലാണ് ബി.ജെ.പി- സി.പി.എം. നേതാക്കള്‍ ഒരുമിച്ചെത്തിയത്.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ന്യൂസ് 18 പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് തുറമുഖ വിരുദ്ധസമരസമിതിയിലെ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചുവരികയാണ്. ഇതില്‍ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം.
സമരസമിതി നേതാവ് എ ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയന്‍ എന്ന എ ജെ വിജയന്‍. 2017 മുതല്‍ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണത്തേ സംബന്ധിച്ചാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണം. വിദേശനാണയവിനിമയച്ചട്ടം (FCNRA) ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ട്. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകള്‍ക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റുകാര്യങ്ങള്‍ക്ക് കൈമാറിയിരുന്നതായി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്ത് വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. എ ജെ വിജയന്‍ നേതൃത്വം നല്‍കുന്ന കോസ്റ്റല്‍ വാച്ച് എന്ന സംഘടനയും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചതായും ബിഷപ്പ് എമിരിറ്റസ് ഡോ.എം സൂസപാക്യത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിന് ഇരുത്താന്‍ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.