‘വജ്രനിക്ഷേപം കണ്ടെത്തി’ എന്ന് പ്രചരണം ; കാട്ടില്‍ നിന്നും മണ്ണെടുക്കാന്‍ ജനങ്ങളുടെ തിരക്ക്

നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ടിന് സമീപം വജ്രനിക്ഷേപമുള്ള മണ്ണ് കണ്ടെത്തിയെന്ന പ്രചരണത്തിന് പിന്നാലെ മധ്യപ്രദേശിലെ പന്ന ജില്ലയിലെ വിശ്രംഗഞ്ചില്‍ മണ്ണെടുക്കുവാന്‍ നാട്ടുകാരുടെ തമ്മിലടി. അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്ന് പോലും ഇവിടേക്ക് ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഡാം നിര്‍മ്മാണ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ കുഴിയെടുക്കാനുള്ള ഉപകരണങ്ങളുമായി വരുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ഇവിടെ നൂറിലധികം മോട്ടോര്‍സൈക്കിളുകളാണ് പൊലീസ് പിടിച്ചെടുത്തത്. എല്ലാ ദിവസവും പൊലീസ് ഈ പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. പക്ഷേ ആളുകള്‍ മണ്ണെടുക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറല്ല. ഇപ്പോള്‍ കാല്‍നടയായി എത്തിയാണ് ജനങ്ങള്‍ മണ്ണെടുക്കുന്നത്.

ഒരു തൊഴിലാളി കോടികള്‍ വിലമതിക്കുന്ന വജ്രം കണ്ടെത്തിയതായി താന്‍ അറിഞ്ഞതായി ഉത്തര്‍പ്രദേശിലെ ബന്ദ നിവാസിയായ രാജ്കുമാര്‍ ഗോണ്ട് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഭൂമി വെള്ളത്തിനടിയിലാകാന്‍ പോകുന്നു, അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ഭാഗ്യം പരീക്ഷിക്കുകയാണ്.’ അദ്ദേഹം പറയുന്നു. രണ്ടര അടി വരെ കുഴിച്ച് വജ്രങ്ങള്‍ കുഴിച്ചെടുക്കാമെന്ന് ഉത്തര്‍പ്രദേശിലെ ചിത്രകൂടത്തില്‍ നിന്നുള്ള ഹരിപ്രസാദ് പ്രജാപതി പറയുന്നു. മറ്റ് സൈറ്റുകളില്‍, ആളുകള്‍ മൈനിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അനുമതി വാങ്ങണം, എന്നാല്‍ ഇവിടെ അത് എല്ലാവര്‍ക്കും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരും വജ്രങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ ഭൂമിയില്‍ ധാരാളമായി വിലപിടിപ്പുള്ള കല്ലുകളുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞുവെന്നും ഛത്തര്‍പൂര്‍ നിവാസിയായ റമിലന്‍ സിംഗ് പറയുന്നു.

12,000 ഹെക്ടര്‍ കൃഷിയിടത്തില്‍ ജലസേചനം നടത്തുന്നതിനായി റണ്‍ജ് നദിക്ക് കുറുകെ എട്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള അണക്കെട്ടിന്റെ നിര്‍മ്മാണം ഈ വര്‍ഷമാണ് ആരംഭിച്ചത്. ജലവിഭവ വകുപ്പിന്റേതാണ് ഈ ഭൂമിയെന്നും രണ്ടര അടി താഴ്ചയില്‍ വരെ ആര്‍ക്കും കുഴിയെടുക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 2021 ജനുവരി മുതല്‍ പന്നയില്‍ 77.72 കാരറ്റ് വജ്രം കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അധീനതയിലുള്ള (എന്‍എംഡിസി) പന്നയിലെ മജ്ഗാന്‍വയിലെ ഖനിയില്‍ ഖനനം പുനരാരംഭിക്കുന്നത് വജ്രവ്യാപാരത്തെ ബലപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ ഖനിയുടെ 60 വര്‍ഷത്തെ പാരിസ്ഥിതിക അനുമതി 2020 ഡിസംബര്‍ 3ന് അവസാനിച്ചതോടെ ഇത് അടച്ചുപൂട്ടി.