അടുക്കളയില്‍ കക്കാന്‍ കയറി ജനലില്‍ തല കുടുങ്ങിയ പൂച്ച സാറിന് രക്ഷകരായി ഫയര്‍ ഫോഴ്സ്
കാഞ്ഞങ്ങാട് ആണ് സംഭവം. അവിടെ പുല്ലൂര്‍ വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടിലെ അടുക്കളയില്‍ കക്കാന്‍ കയറിയ പൂച്ചയാണ് ജനല്‍ കമ്പിയില്‍ കുരുങ്ങിയത്. അവസാനം പൂച്ചയ്ക്ക് രക്ഷകരായി എത്തിയത് നമ്മുടെ അഗ്‌നിരക്ഷാ സേനയും. കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക്ക് സ്‌പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ച് കമ്പി വിടര്‍ത്തിയാണ് പൂച്ച സാറിനെ രക്ഷപ്പെടുത്തിയത്. ആരും കാണാതെ അടുക്കളയില്‍ കയറി കട്ടു തിന്നു മടങ്ങാമെന്ന് കരുതിയാണ് പൂച്ച സ്ഥലത്ത് എത്തുന്നത്. ഭക്ഷണം അകത്താക്കി മടങ്ങുന്നതിനിടെ കക്ഷിക്കൊരു അബദ്ധം പറ്റി. അടുത്തുള്ള പാത്രം തട്ടി താഴെയിട്ടു. ശബ്ദം കേട്ടപാടെ വിട്ടുകാര്‍ അടുക്കളയിലേക്ക് ഓടിക്കിതച്ചെത്തി. പിന്നെ ഓടി രക്ഷപ്പെടുക എന്നതല്ലാതെ മറ്റെന്ത് വഴി!. അമാന്തിച്ചില്ല പൂച്ച ജീവനും കൊണ്ടോടി… ജനല്‍ക്കമ്പിക്കിടയില്‍ ചാടിക്കയറി പുറത്തേക്ക് ചാടാനായിരുന്നു ശ്രമം.
എന്നാല്‍ തലയും ഒരു കൈയും കമ്പിക്കുള്ളിലായി കുടുങ്ങി. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥ. വെപ്രാളത്തില്‍ അമിതാവേശവും ദേഷ്യവും ചേര്‍ത്ത് ജനല്‍ കമ്പി കടിച്ചു മുറിക്കാനായി പിന്നെയുള്ള ശ്രമം. എന്നാല്‍ ആ മിഷനും പരാജയപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല, ‘മ്യാവു മ്യാവു’ ഉച്ചത്തില്‍ ഒച്ച വെച്ചു കരഞ്ഞു. ഈ ശ്രമം ഫലം കണ്ടു. ഭക്ഷണം കട്ടുതിന്നതിനലുള്ള ദേഷ്യമൊക്കെ മാറ്റിവച്ച് വിട്ടുകാരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അവരും പരാജയപ്പെട്ടു. ഒടുവില്‍ അഗ്‌നിരക്ഷാ സേനയെ വിളിച്ചു. അവരും രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. കട്ടക്കലിപ്പില്‍ നില്‍ക്കുന്ന പൂച്ചയുടെ കടി വാങ്ങി കൂട്ടേണ്ടെന്ന് കരുതിയാവണം, പൂച്ചയ്‌ക്കൊരു ഹെല്‍മെറ്റ് വച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അധികം വൈകാതെ കമ്പി മുറിച്ച് പൂച്ചയ്ക്ക് സ്വാതന്ത്ര്യം നല്‍കി. വലിയൊരു പ്രയത്‌നത്തിന് നന്ദിയൊന്നും കാണിക്കാന്‍ നില്‍ക്കാതെ, ഇതൊക്കെയെന്ത്.. എന്ന ഭാവത്തില്‍ പൂച്ച സാര്‍ തന്റെ വഴിക്ക് പോയ്. സ്ഥലത്തെ പ്രധാന മോഷ്ട്ടാവ് ആണ് പൂച്ച സാര്‍ എന്നും മിക്ക വീടുകളിലും കയറി ആഹാരം കട്ട് തിന്നല്‍ പുള്ളിയുടെ ഹോബി ആണ് എന്നുമാണ് നാട്ടുകാര്‍ പറയുന്നത്.