യുവാന്‍ ശങ്കര്‍രാജ മക്കയില്‍ ഉംറയ്ക്കായി പോകുന്നുവോ? ചിത്രം വൈറല്‍

പ്രമുഖ സംഗീത സംവിധായകന്‍ ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജ മക്കയില്‍ ഉംറയ്ക്കായി പുറപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. യുവാന്‍ ഉംറയ്ക്ക് പോകുന്നവര്‍ ധരിക്കുന്ന തീര്‍ത്ഥാടന വേഷത്തില്‍ വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്റര്‍ വഴി പ്രചരിക്കുന്നുണ്ട്. അതേസമയം ഇതേസംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും യുവാന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ലഭ്യമല്ല.

2014ല്‍ താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി യുവാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത്, ഇളയരാജക്കും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ഇത് വലിയ ഞെട്ടലായിരുന്നു. ഖുറാന്‍ വായിക്കുന്നത് തനിക്ക് സമാധാനം നല്‍കുന്നുവെന്ന് യുവാന്‍ നിരവധി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യ സഫ്‌റൂണ്‍ നിസാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചോദ്യോത്തര സെഷന്‍ നടത്തിയപ്പോള്‍ യുവാന്‍ ഇസ്ലാം മതം പിന്തുടരാന്‍ കാരണമായ ഒരു സംഭവത്തെക്കുറിച്ച് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് ചോദ്യം ഉയര്‍ത്തിയിരുന്നു.

‘എന്റെ ജീവിതത്തിലെ വഴിത്തിരിവിനെക്കുറിച്ച് പലരും ചോദിച്ചു, അത് ഒരു യാത്രയായതിനാല്‍ എനിക്ക് ഏതെങ്കിലും ഒരു സന്ദര്ഭത്തെക്കുറിച്ച് പറയാന്‍ സാധിക്കില്ല…എന്നാണ് യുവാന്‍ മറുപടി പറഞ്ഞത്. അതേസമയം എന്റെ അമ്മ ജീവിച്ചിരിക്കുമ്പോള്‍, ലോകാവസാനമുണ്ടാവുമോ എന്ന് ഞാന്‍ അമ്മയുമായി ചര്‍ച്ച ചെയ്യുമായിരുന്നു. 2012ല്‍ അപ്പോക്കലിപ്സുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാണ് യുവാന്‍ പറഞ്ഞത്.