ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിലെ വൈരാഗ്യം ; ദമ്പതികളെയും ജോലിക്കാരിയെയും പഴയ ജോലിക്കാര്‍ ക്രൂരമായി കൊലപ്പെടുത്തി
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാ?ഗ്യം കാരണം ദമ്പതികളെയും വീട്ടുജോലിക്കാരിയെയും മുന്‍ ജോലിക്കാര്‍ ക്രൂരമായി കൊലപ്പെടുത്തി. ദമ്പതികളുടെ രണ്ട് വയസ്സുള്ള മകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുതച്ചുമൂടി ഉറങ്ങിയ നിലയിലായിരുന്നതിനാല്‍ പ്രതികള്‍ക്ക് കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല അതാണ് കുഞ്ഞിന് രക്ഷയായത്. കിഴക്കന്‍ ദില്ലിയില്‍ അശോക്‌നഗറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയായിരുന്ന ഷാലു അഹൂജയും ഭര്‍ത്താവുമാണ് കൊല്ലപ്പെട്ടത്. കുറച്ചുദിവസം മുമ്പ് സ്ഥാപനത്തിലെ രണ്ട് ജോലിക്കാരെ ഷാലു പിരിച്ചുവിട്ടിരുന്നു. ഇരുവരും ബന്ധത്തിലാണെന്നും പ്രൊഫഷണലല്ലാത്ത രീതിയില്‍ ജോലിസ്ഥലത്ത് പെരുമാറിയെന്നും ആരോപിച്ചായിരുന്നു നടപടി.
ഷാലുവിന്റെ ഭര്‍ത്താവ് സമീര്‍ അഹൂജയുമായും ഇരുവരും വാക്തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിരിച്ചുവിട്ട ജോലിക്കാരിലെ പുരുഷനാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ തന്റെ പെണ്‍സുഹൃത്തുമായും മറ്റ് രണ്ട് സുഹൃത്തുക്കളുമായും ?ഗൂഢാലോചന നടത്തിയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. മറ്റ് രണ്ട് പേര്‍ കൂടി കൃത്യത്തില്‍ പങ്കാളികളായി. രാത്രി എട്ടുമണിയോടുകൂടി രണ്ട് ബൈക്കുകളിലായി അഞ്ച് പേര്‍ കൃത്യം നടന്ന വീട്ടിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വീടിന്റെ താഴത്തെ നിലയിലായിരുന്നു ഷാലു അഹൂജയുടെയും വീട്ടുജോലിക്കാരിയുടെയും മൃതദേഹങ്ങള്‍. ഇരുവരുടെയും കഴുത്ത് മുറിച്ച നിലയിലായിരുന്നു. സമീര്‍ അഹൂജയുടെ മൃതദേഹം രണ്ടാമത്തെ നിലയില്‍ നിന്നാണ് കണ്ടെത്തിയത്. മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഫ്രൈയിം?ഗ് പാന്‍ കൊണ്ട് തലയ്ക്കടിച്ചാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ജോലിക്കാരിയെ കൊലപ്പെടുത്തിയത്. പ്രതികളില്‍ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മുഖ്യ പ്രതി ഉള്‍പ്പടെയുള്ള മറ്റുള്ളവര്‍ ഒളിവിലാണ്.