മ്യൂസിയത്ത് യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം ; സന്തോഷിനെ പിരിച്ചുവിട്ടു

മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ ഡ്രൈവര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇതുസംബന്ധിച്ച് അറിയിച്ചത്. മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആണ് പ്രതി എന്ന് വ്യക്തമായിരുന്നു. പരാതിക്കാരിയായ യുവതി പ്രതിയായ സന്തോഷിനെ തിരിച്ചറിഞ്ഞു. നേരത്തെ കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ കേസില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയതും സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അക്രമിച്ചയാളെ കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു. സന്തോഷിനെ കണ്ട പരാതിക്കാരി, ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസിനോട് പറഞ്ഞു.

ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശിയാണ് സന്തോഷ് കുമാര്‍. അതിക്രമിച്ച് കയറല്‍, മോഷണ ശ്രമം എന്നിവ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നാലെ മ്യൂസിയത്ത് ലൈംഗികാതിക്രം നടത്തിയതും ഇയാളാണെന്ന് വ്യക്തമാവുകയായിരുന്നു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ മ്യൂസിയം കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തില്‍വെച്ച് യുവതിയ്ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തെത്തി യുവതിയ്ക്കെതിരെ അതിക്രമം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

പോലീസ് ചോദിച്ചപ്പോള്‍ ഇയാള്‍ ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച രേഖകളും, ഇയാള്‍ ഉപയോഗിച്ചിരുന്ന ഇന്നോവ വാഹനം തുടങ്ങി ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് നിരത്തിയതോടെ സന്തോഷ് കുറ്റം സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. രാത്രി 11 മണിയോടെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് ഇയാള്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.