ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ബസിലെ കിളിക്ക് ഒപ്പം നാടുവിട്ട യുവതിയെ പോലീസ് പൊക്കി

ഭര്‍ത്താവിന്റെ പുത്തന്‍ കാറും സഹോദരിയുടെ 15 പവന്‍ സ്വര്‍ണാഭരണങ്ങളുമായി റിസ്വാന(27) എന്ന യുവതിയാണ് കാമുകനൊപ്പം മുങ്ങിയത്. കണ്ണൂര്‍ ചെങ്ങളായിലാണ് രണ്ടു കുട്ടികളുടെ അമ്മയായ 27 കാരി 24 കാരനായ കാമുകനൊപ്പം മുങ്ങിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പെരുവളത്ത്പറമ്പ് സ്വദേശിയും പ്രൈവറ്റ് ബസിലെ കിളിയുമായ റമീസിനൊപ്പമാണ് യുവതി പോയത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതി നാടുവിട്ടത് എന്നാണ് വീട്ടുകാര്‍ കരുതുന്നത്. ഞായറാഴ്ച രാത്രി ഒന്നര മണിയോടെ ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് യുവതി പണം പിന്‍വലിച്ചു. ഇത് സംബന്ധിച്ച മെസ്സേജ് ഭര്‍ത്താവിന് മൊബൈല്‍ ഫോണില്‍ ലഭിച്ചു. അര്‍ദ്ധരാത്രിയില്‍ ഭാര്യ പണം പിന്‍വലിച്ച മെസ്സേജ് ഫോണില്‍ വന്നതോടെ വിദേശത്തുള്ള ഭര്‍ത്താവ് അമ്പരപ്പിലായി.

തുടര്‍ന്നാണ് യുവതിയെ അന്വേഷിച്ചത്. ഫോണ്‍ വിളിച്ച് കിട്ടാതായതോടെ വീട്ടില്‍ ഉള്ളവരുമായി ബന്ധപ്പെട്ടു. ബന്ധുക്കള്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ യുവതിയെ കാണാനില്ലെന്ന് വ്യക്തമായി. കാസര്‍കോടുള്ള എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിട്ടുള്ളത്. രണ്ടു മക്കളെയും ഉറക്കിക്കിടത്തിയാണ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടത്. മുമ്പും ഇതേ കാമുകനൊപ്പം യുവതി നാടുവിട്ടിരുന്നു. അന്ന് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിയ ഭര്‍ത്താവ് യുവതിയെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടു പോവുകയായിരുന്നു. കാമുകനൊപ്പം പോയ ഭാര്യയെ സ്വീകരിച്ച ശേഷം ഭര്‍ത്താവ് വീണ്ടും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോയി. അതിനു പിന്നാലെയാണ് വീണ്ടും മുങ്ങിയത്. കാമുകനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചു എന്നാണ് ഭര്‍ത്താവ് കരുതിയത്. എന്നാല്‍ ഇരുവരും ബന്ധം തുടര്‍ന്നിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.

യുവതിയെയും മകളെയും വിദേശത്ത് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു ഭര്‍ത്താവ്. ഇതിനായുള്ള ടിക്കറ്റ് വരെ എടുത്തു കഴിഞ്ഞതാണ് വിവരം. അതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചു യുവതി കാമുകനോടൊപ്പം വീണ്ടും കടന്നു കളഞ്ഞത്. ഭര്‍ത്താവിന്റെ സഹോദരിയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് യുവതി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. നേരത്തെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കാസര്‍ഗോഡ് ഉള്ളതായാണ് കണ്ടെത്തിയിരുന്നു.