മുഴുക്കുടിയന്‍ കുരങ്ങനെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍

ആളുകളില്‍ നിന്നും മദ്യം മോഷ്ടിക്കുന്ന മുഴു കുടിയനായ ഒരു കുരങ്ങനാണ് ഇപ്പോള്‍ സംസാരവിഷയം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ഈ കുരങ്ങനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ആളുകള്‍. മദ്യക്കടയിലോ മദ്യക്കടയുടെ പ്രദേശത്തോ ആര്‍ക്കും കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുപ്പി കണ്ടാല്‍ കക്ഷി അതപ്പോള്‍ തന്നെ തട്ടിപറിച്ചെടുക്കും. അല്ലെങ്കില്‍ കടയില്‍ നിന്ന് കട്ടെടുത്തോ എങ്ങനെയെങ്കിലും മദ്യം കൈക്കലാക്കും.ഈ മദ്യകള്ളനെ കൊണ്ട് പൊറുതിമുട്ടിയ പ്രദേശവാസികള്‍ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

തങ്ങളുടെ കയ്യില്‍ നിന്ന് ഈ കുരങ്ങന്‍ മദ്യം മോഷ്ടിക്കുകയാണ് എന്നാണ് എല്ലാവരുടെയും പരാതി. ഇതിന് തെളിവായി ഒരു വിഡിയോയും പരാതിക്കാര്‍ കാണിക്കുന്നുണ്ട്. കാനില്‍ നിന്ന് അതിവിദഗ്ധമായി ബിയര്‍ കുടിക്കുന്ന കുരങ്ങന്റെ വിഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടികഴിഞ്ഞു. പക്ഷെ നടപടി എടുക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാണ് പോലീസുകാര്‍. പ്രതി കുരങ്ങായതിനാല്‍ പോലീസാണോ ഫോറസ്റ്റുകാരാണോ കുരങ്ങനെ പിടിക്കുക എന്നാണ് അധികൃതരുടെ സംശയം. എന്തായാലും വനപാലകരുടെ സഹായത്തോടെ കുരങ്ങനെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.