മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് വെടിയേറ്റു ; ആക്രമണം റാലിക്ക് ഇടയില്‍
മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ വെടിവെപ്പ്. റിയല്‍ ഫ്രീഡം’ റാലിക്കിടെ പാക്കിസ്ഥാനിലെ ഗുജ്ജറന്‍വാലയിലായിരുന്നു വെടിവയ്പ് എന്നാണു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം. ഇമ്രാന്റെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റു. പതിനഞ്ചോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.ഇസ്ലാമാബാദില്‍ ഫെഡറല്‍ ഗവണ്‍മെന്റിനെതിരെ ഇമ്രാന്‍ഖാന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നുവരികയാണ്. ഒക്ടോബര്‍ 28നാണ് ഖാന്‍ തന്റെ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ ഇസ്ലാമാബാദില്‍ എത്തേണ്ടതായിരുന്നു. അതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്.
ഇമ്രാന്‍ഖാന്റെ വലതുകാലിന് വെടിയേറ്റെന്നാണ് റിപ്പോര്‍ട്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തിക്കിത്തിരക്കിയതിനെ തുടര്‍ന്നും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇമ്രാന്‍ ഖാന് നാലുവെടിയുണ്ടകളേറ്റുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. വെടിയേറ്റ ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ കവചിത വാഹനത്തിലേക്ക് കയറ്റുകയും ചികിത്സാ സൗകര്യങ്ങളുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.വെടിവയ്പില്‍ സിന്ധ് മുന്‍ ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍, ഫൈസല്‍ ജാവേദ് എന്നിവരുള്‍പ്പെടെ 15 ലധികം പിടിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പിനെ തുടര്‍ന്ന് പിടിഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.