അറുപതു കഴിഞ്ഞ ഭാര്യയെ സംശയം ; ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിന് 15 വര്‍ഷം തടവ്

സംശയ രോഗം മൂലം ഭാര്യയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് കോടതി 15 വര്‍ഷം കഠിന തടവ് വിധിച്ചു. ബോംബാക്രമണത്തിനിടെ കൈയിലിരുന്ന ബോംബ് പൊട്ടി പ്രതിയുടെ വലത് കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. വിതുര കല്ലാര്‍ ബിജുഭവനില്‍ വിക്രമനെയാണ് കോടതി ശിക്ഷിച്ചത്. അറുപതുകാരിയായ ഭാര്യ കമലത്തെ സംശയത്തിന്റെ പേരിലാണ് അറുപത്തിയേഴുകാരനായ പ്രതി നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2015 ജൂലായ് എട്ടിനാണ് പ്രതി കമലത്തെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ അഞ്ച് നാടന്‍ ബോംബുകളുമായി വീട്ടിലെത്തിയത്.

വിക്രമനെ കണ്ട കമലം ഓടി വീടിനകത്തുകയറി കതകടച്ചു. ബോംബ് കൈയില്‍ പിടിച്ച് കതക് തള്ളിത്തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് പ്രതിയുടെ കൈപ്പത്തി നഷ്ടപ്പെട്ടത്. ചെറിയ പരിക്കുകളോടെ കമലം രക്ഷപ്പെട്ടു. വീടിന് സാരമായ കേടുപാടുകളും ഉണ്ടായി. പ്രതി തന്നെയാണ് അഞ്ച് ബോംബുകളും നിര്‍മിച്ചത്. സ്ഫോടകവസ്തു കൈവശം വെച്ചതിന് ഏഴര വര്‍ഷവും വധശ്രമത്തിന് ഏഴര വര്‍ഷവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി.