101 സ്ത്രീകളുടെ മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 68 കാരന്‍ പിടിയില്‍

യുകെയില്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരാള്‍ ആണ് ഇപ്പോള്‍ പിടിയിലായത്. വേറെ രണ്ട് കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ പിറകെ പോയ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഓരോന്നായി കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം ഇക്കാര്യങ്ങള്‍ ആരുമറിയാതെ സൂക്ഷിച്ച കുറ്റവാളി മാന്യമായ ജീവിതമാണ് നയിച്ച് വന്നിരുന്നത്. ‘നെക്രോഫീലിയ’ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇത് തന്നെ പലവിധത്തിലുണ്ട്. മൃതദേഹങ്ങളെ ഭോഗിക്കുന്നവര്‍, ഭോഗിക്കാനായി മൃതദേഹം കണ്ടെത്തുന്നതിനായി മാത്രമായി കൊലപാതകം നടത്തുന്നവര്‍, മൃതദേഹങ്ങളെ ഭോഗിക്കുന്ന ‘ഫാന്റസി’ അഥവാ സങ്കല്‍പങ്ങളുമായി നടക്കുന്നവര്‍ എന്നീ മൂന്ന് വിഭാഗമായി പ്രത്യക്ഷത്തില്‍ ഇതിനെ പട്ടികപ്പെടുത്താം.

ഇതില്‍ മൃതദേഹത്തിനായി കൊലപാതകം ചെയ്യുന്നവര്‍ ആണ് ഏറ്റവും അപകടകാരികളെന്ന് പറയാം. യുകെയില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന ഡേവിഡ് ഫുള്ളര്‍ എന്ന അറുപത്തിയെട്ടുകാരന്‍ ഈ വിഭാഗത്തില്‍ പെടുന്നയാളാണ്. രണ്ട് കൊലപാതകങ്ങളാണ് ഇത്തരത്തില്‍ ഇയാള്‍ ചെയ്തിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്. എന്നാല്‍ പലപ്പോഴായി 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ഇയാള്‍ വേഴ്ച നടത്തിയിട്ടുണ്ട്. എന്ന് മാത്രമല്ല, ഇവയില്‍ പലതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ആശുപത്രിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നുവത്രേ ഡേവിഡ് ഫുള്ളര്‍. ഈ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വച്ചാണ് ഇയാള്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്കിരിക്കുന്നത്. ഇതിന് പിന്നാലെ ഇയാള്‍ കൊലപ്പെടുത്തിയത് ഇരുപതും ഇരുപത്തിയഞ്ചും വയസുള്ള രണ്ട് യുവതികളെയാണ്.

ഇവരുടെ ബന്ധുക്കളടക്കം ഇരകളുടെ ബന്ധുക്കള്‍ ഒരുപറ്റം തന്നെ ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം ഈ കുറ്റകൃത്യം ഇയാള്‍ തുടര്‍ന്നിട്ടും ആര്‍ക്കും ഇതെക്കുറിച്ച് സൂചന ലഭിച്ചില്ലെന്നതും ഇയാള്‍ പിടിയിലായില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. 2020ന് ശേഷം മാത്രമാണ് ഇയാള്‍ക്കെതിരെയുള്ള സംശയങ്ങള്‍ ഉയരുന്നത്. ഇപ്പോള്‍ തെളിവുകള്‍ നിരത്തപ്പെട്ടതിന് ശേഷം ആജീവനാന്തകാലത്തേക്ക് കോടതി ഇയാളെ തടവിന് വിധിച്ചിരിക്കുകയാണ്.