സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയ യുവസംവിധായകനും സുഹൃത്തും അറസ്റ്റില്‍
സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തരാം എന്ന പേരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുവസംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ മടിവാളയില്‍ വച്ചാണ് പതിനേഴുകാരിക്കൊപ്പം ഇരുവരും അറസ്റ്റിലായത്. കുറവങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി സി ഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മൂവരും ഗുണ്ടല്‍പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവര്‍ തന്നെയെന്ന് ഉറപ്പുവരുത്തി.
വിശദമായ അന്വേഷണത്തില്‍ ഇവര്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാര്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടി തനിക്ക് വയസ് 18 കഴിഞ്ഞു എന്നും സ്വന്തം ഇഷ്ട്ടപ്രകാരമാണ് വന്നത് എന്നുമാണ് ഇവരോട് പറഞ്ഞിരുന്നത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.