എട്ട് വയസ്സുകാരനെ മൂര്‍ഖന്‍ കടിച്ചു ; രക്ഷപെടാന്‍ കുട്ടി പാമ്പിനെ തിരിച്ചു കടിച്ചു ; മൂര്‍ഖന്‍ ചത്തു
തന്നെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ തിരിച്ചു കടിച്ച് എട്ടുവയസ്സുകാരന്‍. കുട്ടിയുടെ കടി കൊണ്ട മൂര്‍ഖന്‍ ചത്തു. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലുള്ള വിദൂരഗ്രാമമായ പന്ദര്‍പദ് എന്ന ഗ്രാമത്തിലാണ് അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ മൂര്‍ഖന്‍ കടിച്ചത്. കുട്ടിയുടെ കയ്യില്‍ ചുറ്റിവരിഞ്ഞതിനു ശേഷമാണ് പാമ്പ് കടിച്ചത്. കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. മൂര്‍ഖന്‍ ആദ്യം തന്നെയാണ് കടിച്ചതെന്ന് കുട്ടി പറയുന്നു. കയ്യില്‍ ചുറ്റിവരിഞ്ഞ ശേഷം കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റതോടെ കടുത്ത വേദനയുണ്ടായെന്നും കൈ കുടഞ്ഞ് പാമ്പിനെ കളയാന്‍ ശ്രമിച്ച് സാധിച്ചില്ല. ഇതോടെയാണ് പാമ്പിനെ തിരിച്ച് കടിച്ചത്.
രണ്ട് തവണ കുട്ടി പാമ്പിനെ കടിച്ചു. ആഴത്തില്‍ കടിയേറ്റ പാമ്പ് പിന്നാലെ ചത്തു. കയ്യില്‍ ചുറ്റിവരിഞ്ഞ പാമ്പ് തന്നെ ആദ്യം കടിച്ചു. പാമ്പില്‍ നിന്നും രക്ഷപ്പെടാന്‍ കൈ കുടഞ്ഞെങ്കിലും നടന്നില്ല. ഇതോടെ മറ്റൊന്നും ആലോചിക്കാതെ തിരിച്ചു കടിക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ മാതാപിതാക്കള്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് ആന്റി-വെനം നല്‍കിയതു കൊണ്ടാണ് എട്ടുവയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ഒരു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു.
അതേസമയം, മൂര്‍ഖന്റെ കടിയേറ്റിട്ടും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് എട്ടുവയസ്സുകാരന്‍ ഡോക്ടറോട് പറഞ്ഞ്. കുട്ടിയെ ആഴത്തില്‍ കടിയേറ്റിട്ടുണ്ടാകില്ലെന്നും അതിനാല്‍ വിഷം ശരീരത്തിനകത്ത് കയറിയിട്ടുണ്ടാകില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കടിയേറ്റ ഭാഗത്ത് ചെറിയ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക. കുട്ടിക്ക് ഗുരുതരമായ ലക്ഷണങ്ങള്‍ ഇല്ലായിരുന്നതും പെട്ടെന്ന് സുഖം പ്രാപിച്ചതും ഇതുകൊണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം പാമ്പിനെ കടിച്ചു കൊന്ന കുട്ടിയെ കാണാന്‍ ഏറെപ്പേര്‍ ഇപ്പോള്‍ ഗ്രാമത്തില്‍ എത്തുന്നുണ്ട്.