ലഹരിയുടെ തലസ്ഥാനമായി കൊച്ചി ; ഏറ്റവും കൂടുതല്‍ ലഹരി കേസുകള്‍ കൊച്ചിയില്‍
ലഹരിയുടെ തലസ്ഥാനമായി എറണാകുളം. സംസ്ഥാനത്ത് ഈ വര്‍ഷം ഇത് വരെയുണ്ടായ ലഹരി കേസുകളുടെ കണക്ക് വിശദീകരിച്ച് പൊലീസ് ആണ് ഈ വിവരം പുറത്ത് വിട്ടത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ് ( 3030 കേസുകള്‍) അതില്‍ തന്നെ കൊച്ചിയാണ് മുഖ്യമായും ലഹരിയുടെ ഹബ് ആയി മാറിയിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 22,606 ലഹരി കേസുകളാണ്. 24,962 പേരെ അറസ്റ്റ് ചെയ്തു. സിന്തറ്റിക് ഡ്രഗുകളും ഇക്കാലയളവില്‍ കാര്യമായി പിടികൂടിയിട്ടുണ്ട്.
പൊലീസ് മാത്രം പിടിച്ച ലഹരി കണക്കുകളാണ് ഇത്. സംസ്ഥാനത്തേക്ക് ലഹരി മരുന്നുകള്‍ വ്യാപകമായി ഒഴുകുന്നുവെന്നു ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യത്തെ പത്തു മാസത്തിനുള്ളില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ 22,606 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളത്താണ്ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ 2853 കേസുകളാണുള്ളത്. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്. 501 കേസുകള്‍.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഇത് വരെ അറസ്റ്റിലായത് 24,962 പേരാണ്. ഏറ്റവും കൂടുതല്‍പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്. 3386 പേരാണ് എരണാകുളത്ത് അറസ്റ്റിലായത്. ഇതുവരെ 2751.91 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 14.29 കിലോ എം.ഡി.എം.എയും 2.10 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവില്‍ പിടികൂടിയിട്ടുണ്ട്.