ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച് പൂജാരി മുങ്ങി
കാസര്‍കോട് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്നാണ് പുതുതായി വന്ന പൂജാരി തിരുവാഭരണം മോഷ്ടിച്ച് മുങ്ങിയത്. തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിയാണ് മോഷണത്തിന് പിന്നില്‍ എന്ന ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു. തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് ഇയാള്‍ കടന്നത്. ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ആറ് പവന് തിരുവാഭരണമാണ് കാണാതായത്. ചുമതലയേറ്റ് മൂന്നാം ദിവസം പൂജാരി ഇതുമായി മുങ്ങിയതായാണ് പരാതി.
ഒക്ടോബര്‍ 27 നാണ് ദീപക് ക്ഷേത്രത്തിലെ പൂജാരിയായി ചുമതലയേറ്റത്. അന്നും തൊട്ടടുത്ത ദിവസങ്ങളിലും ദീപക് ക്ഷേത്രത്തില്‍ പൂജ നടത്തി. 29 ന് വൈകുന്നേരം സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണിലേക്കാണെന്നും പറഞ്ഞാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്ന് പോയത്. പിന്നീട് ഇതുവരെ തിരിച്ചെത്തിയില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പരാതിക്കാര്‍ പറയുന്നു. പൂജാരി താമസിക്കുന്ന വാടക വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വീട് പൂട്ടിയ നിലയിലാണ്. പിന്നീട് മുന്‍ പൂജാരി ശ്രീധര ഭട്ടിനെ പൂജയ്ക്കെത്തിച്ചു. ക്ഷേത്രത്തിലെ ശ്രീകോവില്‍ തുറന്ന് അകത്ത് കയറിയ ശ്രീധര ഭട്ട് ദേവീ വിഗ്രഹത്തില്‍ പുതിയ ആഭരണങ്ങള്‍ ചാര്‍ത്തിയത് കണ്ട് ക്ഷേത്ര ഭാരവാഹികളോട് അന്വേഷിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഗ്രഹത്തിലുള്ള ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി.