സ്കൂള്‍ പ്രകടന നിലവാര സൂചിക ; കേരളം ഒന്നാമത് ; തൊട്ടുപിന്നില്‍ പഞ്ചാബും ചണ്ഡീഗഡും
2020-21 അധ്യയന വര്‍ഷത്തെ രാജ്യത്തെ സ്കൂളുകളുടെ ദേശിയ പ്രകടന നിലവാര സൂചികയില്‍ കേരളം ഒന്നാമത്. പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ഒന്നാം സ്ഥാനം ആണ് എങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെല്ലാം തന്നെ സൂചികയിലെ ലെവല്‍ 2 വിഭാഗത്തിലാണുള്ളത്. ലെവല്‍ ഒന്നിലെത്താല്‍ ഒരു സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മന്ത്രാലയവും സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേര്‍ന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി പുറത്തിറക്കിയ 2020-21 പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്സ് (PGI) റാങ്കിംഗിലാണ് കേരളം, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഏറ്റവും ഉയര്‍ന്ന സ്കോറുകളോടെ ലെവല്‍ രണ്ടിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് സൂചിക പുറത്തിറക്കിയത്.
വിവിധ സൂചകങ്ങള്‍ പരിശോധിച്ച് സമഗ്രമായ വിശകലനം നടത്തിയാണ് സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് നല്‍കിയിരിക്കുന്നത്. കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ആന്ധ്രാപ്രദേശ് എന്നിവ 2020-21ല്‍ ലെവല്‍ 2 (സ്കോര്‍ 901-950) സ്കോറാണ് നേടിയിരിക്കുന്നത്. 2019-20ല്‍ ലെവല്‍ നാലിലായിരുന്നു ഈ സംസ്ഥാനങ്ങള്‍. എന്നാല്‍ ഇത്തവണ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയത് കേരളം, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളാണ്. കേരളം – 930, പഞ്ചാബ് – 929, ചണ്ഡീഗഡ് – 929, മഹാരാഷ്ട്ര – 928 എന്നിങ്ങനെയാണ് സ്കോര്‍.
എന്നാല്‍ ഇത്തവണയും ഒരു സംസ്ഥാനത്തിനും റാങ്കിംഗില്‍ ലെവല്‍ 1ല്‍ എത്താന്‍ കഴിഞ്ഞില്ല. അരുണാചല്‍ പ്രദേശാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. 669 ആണ് അരുണാചല്‍ പ്രദേശിന്റെ സ്കോര്‍. കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്, സൂചികയിലെ ലെവല്‍ 8 ല്‍ നിന്ന് ലെവല്‍ 4ലേക്ക് ഉയര്‍ന്നു. 2019-20 നെ അപേക്ഷിച്ച് 2020-21ല്‍ ലഡാക്ക് 299 പോയിന്റുകള്‍ മെച്ചപ്പെടുത്തി. അതിനാല്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ചിരിക്കുന്നത് ലഡാക്കാണ്. അതേസമയം, ഡല്‍ഹി, ഉത്തര്‍പ്രദേശ് (യുപി), ഹരിയാന, ഹിമാചല്‍ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ദിയു, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവ 851നും 900-നും ഇടയില്‍ സ്കോര്‍ നേടി ലെവല്‍ മൂന്നിലെത്തി.