ഷാരോണ്‍ കൊലപാതകക്കേസ് ; കേരള പൊലീസ് തന്നെ കേസ് അന്വേഷിക്കും
ഷാരോണ്‍ വധക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്നു റിപ്പോര്‍ട്ട്. കേസ് കേരളമോ തമിഴ്‌നാടോ അന്വേഷിക്കുന്നതിനു നിയമതടസ്സമില്ലെന്നാണു ഗവ.പ്ലീഡര്‍ നല്‍കിയ നിയമോപദേശം. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. കേസ് കേരള പോലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഉറപ്പ് നല്‍കിയതായി ഷാരോണിന്റെ അച്ഛന്‍ ജയരാജ് പറഞ്ഞു. കേസ് അന്വേഷിക്കുന്നതിനു നിയമതടസ്സമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ.ജെ.ജോണ്‍സണ്‍ അറിയിച്ചു.
ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശം പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്‌നാട്ടില്‍ നടന്നതിനാല്‍ പ്രതികള്‍ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്. എന്നാല്‍, കേസ് അട്ടിമറിക്കപ്പെടുമെന്നതിനാല്‍ അന്വേഷണം കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇതേ തുടര്‍ന്ന് കേസ് അന്വേഷണം തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു.
ഷാരോണിനിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മയു മറ്റ് പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിചതും തമിഴ്‌നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും. കുറ്റപത്രം നല്‍കി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികള്‍ ചോദ്യം ചെയ്താല്‍ കേസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നിയമോപദേശം. അതിനാല്‍ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. അന്വേഷണം കൈമാറുന്നതിനെ ഷാരോണിന്റെ കുടുംബം എതിര്‍ക്കുകയാണ്.ഇപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയും അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍കുമാറും അറസ്റ്റിലായിട്ടുണ്ട്.