നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ദമ്പതികള്‍ അറസ്റ്റില്‍

തമിഴ്‌നാട് തിരുപ്പൂരില്‍ ആണ് ക്രൂരമായ സംഭവം അരങ്ങേറിയത്. വിരുന്നിന് പോയപ്പോള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന നാല് വയസുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചും അടിച്ചും കൊല്ലുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുപ്പൂര്‍ പല്ലടം സ്വദേശികളായ രാജേഷ് കുമാര്‍, കീര്‍ത്തിക എന്നിവരാണ് അറസ്റ്റിലായത്. വിരുന്നുപോയ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് ഏതാനം ദിവസത്തേക്ക് കൂട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെയാണ് ദമ്പതിമാര്‍ അടിച്ചും പൊള്ളലേല്‍പ്പിച്ചും കൊന്നത്.

ദിണ്ടിഗല്‍ വടമധുരക്കടുത്ത് ചെങ്കുളത്തുപ്പട്ടിയിലെ പ്രകാശിന്റേയും ഗൗരിയുടേയും കുഞ്ഞാണ് കൊല്ലപ്പെട്ടത്. പ്രതികളായ ദമ്പതിമാര്‍ ഇവരുടെ അകന്ന ബന്ധുക്കളാണ്. നാലുവയസുകാരി ശിവാനിയോട് ഇവര്‍ കാട്ടിയിരുന്ന അടുപ്പം കൊണ്ട് രണ്ട് കുടുംബങ്ങളും അടുത്ത ബന്ധത്തിലായിരുന്നു. ശിവാനിയെ ഇടക്കിടെ രാജേഷും കീര്‍ത്തികയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദീപാവലി അവധിക്ക് ദിണ്ടിഗല്‍ ചെങ്കുളത്തുപ്പട്ടിയിലെ വീട്ടില്‍ വിരുന്നുവന്ന രാജേഷും കീര്‍ത്തികയും തിരികെ പോകുമ്പോള്‍ കുട്ടിയെയും ഒപ്പം കൂട്ടി. ഏതാനം ദിവസം കഴിഞ്ഞ് കുട്ടി വീണ് പരിക്കേറ്റ് വടമധുര സര്‍ക്കാര്‍ ആശുപത്രിയിലാണെന്ന് വീട്ടുകാരെ അറിയിച്ചു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശിവാനി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു.പ്രകാശിന്റെ പരാതിയെത്തുടര്‍ന്ന് വടമധുരൈ പൊലീസ് കേസെടുത്ത് രാജേഷ് കുമാറിനേയും കീര്‍ത്തികയേയും ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പറഞ്ഞാല്‍ അനുസരിക്കാത്തതിനാണ് കുട്ടിയെ മൃഗീയമായി പരിക്കേല്‍പ്പിച്ചത് എന്നാണ് ഇവരുടെ മൊഴി. തീക്കൊള്ളി കൊണ്ട് കുത്തിയും കടിച്ചും അടിച്ചും കുട്ടിയെ പീഡിപ്പിച്ചു. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദമ്പതിമാരാണ് പ്രതികള്‍. ഇരുവരുടേയും മാനസികനില തകരാറിലാണെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുള്ള സൂചന.