ഓണക്കിറ്റില്‍ ഉപ്പിലും അഴിമതി ; നിര്‍ദേശം കാറ്റില്‍ പറത്തി ബ്രാന്റ് മാറ്റി ലക്ഷങ്ങളുടെ കൊള്ള
സംസ്ഥാന സര്‍ക്കാര്‍ ഓണത്തിനു നല്‍കിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഇത്തവണ ഉപ്പിന്റെ പായ്ക്കറ്റിലാണ് ലക്ഷങ്ങളുടെ അഴിമതി നടന്നത്. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ച ബ്രാന്റ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പ് വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥരാണ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയത്. ഇതില്‍ വിശദമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.മാനദണ്ഡം പാലിക്കാതെ പര്‍ച്ചേസ് നടത്തിയതും അന്വേഷിക്കും. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ വി.സുഭാഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുക.
കഴിഞ്ഞ തവണ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഭക്ഷ്യക്കിറ്റില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. ഇതിനായി ഗുണനിലവാര പരിശോധന നടത്തില്‍ ഉല്‍പ്പന്നങ്ങളുടെ പട്ടികയും തയാറാക്കി. ശബരി ബ്രാന്റിന്റെ ഉപ്പ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതു അട്ടിമറിച്ചു. ശബരി ബ്രാന്‍ഡിനു പകരം പുറമെ നിന്നുള്ള ഉപ്പാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. 85 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കാനായി കിറ്റില്‍ ഉള്‍പ്പെടുത്തിയത് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിക്കാത്ത ബ്രാന്‍ഡാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിച്ച് ലക്ഷങ്ങളുടെ അഴിമതി ഉദ്യോഗസ്ഥര്‍ നടമത്തുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.