തലശേരിയില്‍ ആറ് വയസുകാരനെ ആദ്യം അടിച്ചയാളിനെയും അറസ്റ്റ് ചെയ്തു
സംസ്ഥനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആക്രമിക്കപ്പെട്ട ആറുവയസുകാരനെ ആദ്യം അടിച്ചയാളെയും അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി മഹമൂദിനെയാണ് തലശേരി പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച രാത്രി കുട്ടിയെ മുഹമ്മദ് ഷിഹാദ് ചവിട്ടുന്നതിന് തൊട്ടു മുന്‍പ് വഴിയാത്രക്കാരനായ മഹമൂദ് കുഞ്ഞിന്റെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്.
കാറിന്റെ വാതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുന്നതും പിന്നീട് അവിടുന്ന് മാറ്റി നിര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. താന്‍ കുട്ടിയെ അവിടെ നിന്ന് മാറ്റുകയായിരുന്നുവെന്നും ഭിക്ഷ ചോദിച്ചപ്പോള്‍ പൈസ കൊടുത്തുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടിയും പൊലീസിന് മൊഴി നല്‍കി. ഇതോടെ രാവിലെ കസ്റ്റഡിയിലെടുത്തയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. എന്നാല്‍ തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു, മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് പൊലീസ് പറഞ്ഞു.