ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു ; മാര്‍ക്കറ്റിങ് മേധാവിയടക്കം ഭൂരിഭാഗം ജീവനക്കാരും പുറത്ത്

ഇലോണ്‍ മസ്‌ക്കിന് കീഴില്‍ എത്തിയതിനു പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടി തുടര്‍ന്ന് ട്വിറ്റര്‍. ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാര്‍ട്നര്‍ഷിപ്പ് വിഭാഗങ്ങളിലാണ് ഏറ്റവും ഒടുവില്‍ പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. സെയില്‍സ് വിഭാഗത്തില്‍ ചിലരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ജീവനക്കാര്‍ ട്വീറ്റിലൂടെയാണ് പിരിച്ചു വിടുന്ന കാര്യം അറിയിച്ചത്. ഇന്ത്യയിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി മുതല്‍ താഴെയുള്ള എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് തുടങ്ങിയത്.

കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്റെ ബയോ ‘ചീഫ് ട്വിറ്റ്’ എന്ന് മസ്‌ക് മാറ്റിയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചു. കൈയില്‍ ഒരു സിങ്കുമായാണ് മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത് എത്തിയത്. ലെറ്റ് ദാറ്റ് സിങ്ക് ഇന്‍ എന്ന് കുറിച്ച് മസ്‌ക് തന്നെയാണ് ഈ വിഡിയോ പങ്കുവച്ചതും. ഏപ്രില്‍ നാലിനാണ് 44 ബില്യണ്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മസ്‌ക് തുടക്കം കുറിച്ചത്. ഇടക്കുവെച്ച് ഇതില്‍ താത്പര്യമില്ലെന്നു മസ്‌ക് അറിയിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റര്‍ ഉടമകള്‍ കോടതിയില്‍ കേസ് നല്‍കിയതിന് പിന്നാലെ ഇടപാട് പൂര്‍ത്തിയാക്കുമെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.