വീട്ടില്‍ നിന്ന് ഒളിച്ചോടിയ 15കാരിയെ സഹായിക്കാനെന്ന പേരില്‍ ലോഡ്ജില്‍ പൂട്ടിയിട്ട 53കാരന്‍ അറസ്റ്റില്‍
വീട്ടുകാരോട് പിണങ്ങി ഒളിച്ചോടിയ പതിനഞ്ചുകാരിയെ സഹായിക്കാമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് പൂട്ടിയിട്ട 53കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി കോഴിക്കോട് നഗരത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടി ആസാദ് നഗര്‍ സ്വദേശി ഉസ്മാന്‍ ആണ് പൊലീസിന്റെ പിടിയിലായത്. വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഉസ്മാന്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുള്ള ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. പിതാവും മകളുമാണെന്ന് പറഞ്ഞാണ് ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയായിരുന്നു.
ലോഡ്ജുകളില്‍ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. ബന്ധുവാണെന്നും കോഴിക്കോട് ആശുപത്രി ആവശ്യത്തിനായി എത്തിയതാണെന്നുമാണ് ഉസ്മാന്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് വനിതാ പൊലീസ് എത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി കാര്യങ്ങള്‍ പറയുകയായിരുന്നു. അമ്മയോടും സഹോദരിമാരോടും വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി കണ്ണൂരിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകാനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. എന്നാല്‍ കയ്യില്‍ കാശില്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഉസ്മാന്‍ സഹായം വാഗ്ദാനം ചെയ്ത് വന്നതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അതേസമയം മകനോട് വഴക്കിട്ടാണ് ഉസ്മാന്‍ കോഴിക്കോട് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.