മലദ്വാര്‍ പഴഞ്ചന്‍ ആയി ; വെറൈറ്റിക്ക് വായിലൂടെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 233 ഗ്രാം സ്വര്‍ണ്ണം പിടികൂടി

സ്വര്‍ണ്ണക്കടത്തില്‍ ആണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഏറെ ഗവേഷണങ്ങള്‍ നടക്കുന്നത്. എങ്ങനെയൊക്ക സ്വര്‍ണ്ണം കടത്താം എന്ന ഗവേഷണത്തിലാണ് യുവ തലമുറ തന്നെ. മലദ്വാരത്തില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം എക്‌സ്‌റേ പരിശോധനയിലൂടെ കണ്ടു പിടിക്കാന്‍ തുടങ്ങിയതോടെയാണ് കള്ളക്കടത്ത് സംഘം പതിവ് ഒളിപ്പിക്കല്‍ ഇടം മാറ്റിയത്. ഞായറാഴ്ച പൊലീസ് സ്വര്‍ണം കണ്ടെടുത്തത് വായയ്ക്കുള്ളില്‍ നിന്നാണ്. കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്‌സല്‍ (24) ആണ് വായ്ക്കകത്ത് സ്വര്‍ണ ബിസ്‌കറ്റ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു പിടിയിലായത്. 233 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ നാല് വീതം കഷ്ണങ്ങളാക്കി വായ്ക്കകത്താക്കി ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്‌സല്‍ ശ്രമിച്ചത്.

നാവിനു അടിയില്‍ ആയി ആണ് ഇയാള്‍ ചോക്കലേറ്റ് കഷ്ണങ്ങളുടെ വലിപ്പത്തില്‍ ഉള്ള സ്വര്‍ണ ബിസ്‌കറ്റ് ഒളിപ്പിച്ചത്. മുഖത്ത് മാസ്‌കും ധരിച്ചിരുന്നു. ഒറ്റനോട്ടത്തിലും ശരീരത്തില്‍ നടത്തുന്ന എക്‌സറേ പരിശോധനയിലും ഇത് കണ്ടെത്താന്‍ കഴിയില്ല എന്ന കണക്ക് കൂട്ടലിലാണ് അഫ്‌സല്‍ സ്വര്‍ണം വായ്ക്കുള്ളില്‍ ഒളിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് (AI 998) അബ്ദുല്‍ അഫ്‌സല്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 6 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് അഭ്യന്തര വിപണിയില്‍ 12 ലക്ഷം രൂപ വില വരും.

അതേ സമയം മറ്റൊരാളില്‍ നിന്ന് 215 ഗ്രാം സ്വര്‍ണവും പോലീസ് പിടിച്ചെടുത്തു. കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ (30) ആണ് പിടിയിലായത്. കാലില്‍ ധരിച്ച സോക്‌സുകള്‍ക്കകത്ത് സ്വര്‍ണം മിശ്രിത രൂപത്തില്‍ രണ്ട് പാക്കറ്റുകളില്‍ ആയാണ് കടത്താന്‍ ശ്രമിച്ചത്. 215 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് ഇബ്രാഹിം ബാദുഷ ശ്രമിച്ചത്. ശനിയാഴ്ച രാത്രി 8 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് (IX 354) ഇബ്രാഹിം ബാദുഷ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ബാദുഷയെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ ബാദുഷ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൂത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വെച്ചാണ് ബാദുഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്.