കല്യാണത്തിനായി കൊണ്ടുവന്ന കെഎസ്ആര്‍ടിസിയെ ‘പറക്കുംതളികയാക്കി’ വരനും കൂട്ടുകാരും

കല്യാണത്തിനായി വാടകയ്ക്ക് എടുത്ത കെഎസ്ആര്‍ടിസി ബസിനെ പറക്കും തളിക സിനിമയിലെ താമരാക്ഷന്‍ പിള്ളയായി അലങ്കരിച്ചൊരുക്കി ഗുരുതര നിയമലംഘനം നടത്തി കല്യാണ യാത്ര. നെല്ലിക്കുഴിയില്‍ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് ഈ പറക്കും തളിക മാതൃകയില്‍ അലങ്കരിച്ചത്. കാടും പടലവും കൊണ്ടാണ് ബസ് അലങ്കരിച്ചത്. ടൂറിസ്റ്റ് ബസുകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വാഹനത്തിന്റെ നിയമ ലംഘനം.

ഇലകൊണ്ടും വലിയ മരക്കൊമ്പുകള്‍ കൊണ്ടും തെങ്ങിന്റെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലാണ് ബസ്. അപകടകരമാം വിധമാണ് ബസ് റോഡില്‍ ഇറക്കിയത്. വരന്റെ വീട്ടില്‍ നിന്ന് വധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ട ബസാണ് പറക്കും തളികയാക്കി വരന്റെ കൂട്ടര്‍ മാറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് കെഎസ്ആര്‍ടിസി ബസുകള്‍ കല്യാണ ആവശ്യത്തിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. ഈ വിധത്തില്‍ കല്യാണ ആവശ്യത്തിനെത്തിച്ച ബസാണ് ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ വിധത്തില്‍ നിരത്തിലിറക്കിയത്. ബസിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ് ഇപ്പോള്‍.

അതിനിടെ ബസിനെതിരെ നടപടിയുമായി മോട്ടാര്‍ വാഹന വകുപ്പ് രംഗത്തു വന്നു. വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് മോട്ടാര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സര്‍വീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് നാളെ രാവിലെ 11 മണിക്ക് ഹാജരാകാന്‍ ജോയിന്റ് അര്‍ടിഒ നിര്‍ദേശം നല്‍കി.

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യും. വരന്റെ വീട്ടില്‍ നിന്ന് വധുവിന്റെ വീട്ടിലേക്ക് 35 കിലോമീറ്ററോളം ബസ് ഓടി. നെല്ലിക്കുഴി സ്വദേശിയായ രമേശ് എന്നയാളാണ് ബസ് വാടകയ്ക്കെടുത്തത്. സംഭവം വിവാദമായതോടെ ബസ് കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോ തിരിച്ചുവിളിച്ചു. കല്യാണ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് ബസ് മടങ്ങി. വരന്റെ വീട്ടുകാര്‍ പിന്നീടുള്ള യാത്രയ്ക്ക് മറ്റൊരു വാഹനത്തെ ആശ്രയിച്ചു.