ബെള്‍ത്തിട്ട് പാറുവാന്‍ തയ്യാറെടുക്കുന്ന മലയാളി യുവത്വം ; മലയാളി യുവാക്കള്‍ ഇത്രയും മണ്ടന്മാരോ എന്ന് ചോദ്യം
‘ബേങ്ങിക്കോ തേച്ചോ ബെള്‍ത്തോ പാറിക്കൊ..’
കുറച്ചു നാളായി സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പരസ്യമാണിത്. കറുത്ത നിറം ഉള്ളവര്‍ ഒരാഴ്ചകൊണ്ടും രണ്ടാഴ്ച്ച കൊണ്ടും വെളുത്ത് പാറിപ്പിക്കുന്ന ഐറ്റം. ഈ അത്ഭുത ക്രീം ഇട്ടാല്‍ ഒന്‍പത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി കാഴ്ചനഷ്ടം ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഫെയ്‌സ് ക്രീമുകള്‍ വാങ്ങിക്കൂട്ടാന്‍ മലയാളി യുവാക്കള്‍ ഇപ്പോള്‍ തിരക്ക് കൂട്ടുകയാണ്. ജീവന്‍ പോയാലും കുഴപ്പമില്ല വെളുവെളാന്നു ഇരിക്കണം. അതൊന്നു മാത്രമാണ് മലയാളി യുവതി യുവാക്കളുടെ ഇപ്പോഴത്തെ ജീവിത ലക്ഷ്യം തന്നെ. ഫോണിലെ ഫില്‍റ്റര്‍ ഇടുന്നത് പോലെ ജീവിതത്തിലും സായിപ്പന്മാരെ പോലെ ഇരിക്കണം എന്നാണ് ഇപ്പോള്‍ എല്ലാത്തിന്റെയും ചിന്ത.
സോഷ്യല്‍ മീഡിയ വഴിയാണ് ഇതിന്റെ വില്‍പന നടക്കുന്നത്. പാക്കറ്റില്‍ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകള്‍ ഉപയോഗിച്ച് ത്വക് രോഗങ്ങള്‍ ബാധിച്ച നൂറുകണക്കിന് ആളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തില്‍ കാസര്‍കോട് ജില്ലയിലാണ് ഈ ക്രീമുകളുടെ നിര്‍മാണം എന്നാണ് അറിയുന്നത്. ഉപയോഗിച്ച് രോഗാവസ്ഥയിലായവരില്‍ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. പാകിസ്താനി വൈറ്റനിംഗ് ക്യാപ്‌സ്യൂള്‌സ്, കേരളത്തിന്റെ സ്വര്‍ണ ക്രീം, കാസര്‍കോട് ക്രീം, ഫിലിപ്പീന്‍സ് ഇലെ 88 underarm ക്രീം എല്ലാം വെളുക്കാന്‍ ഉള്ള ക്രീമുകള്‍ ആണ് . ഇവ ഉപയോഗിക്കുമ്പോള്‍ സ്‌കിന്‍ ഉടനടി വെളുത്ത നിറത്തില്‍ ആവുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ആ ക്രീമില്‍ അടങ്ങിയിരിക്കുന്ന സ്‌ട്രോയിഡിന്റെ ഒരു സൈഡ് എഫ്ഫക്റ്റ് ആണ് എന്നതാണ് വസ്തുത.
ഒരുകാലത്ത് നമ്മളും ബ്രിട്ടീഷുകാരെ പോലെയാകുമെന്നും ഇന്ത്യക്കാര്‍ തൊലിവെളുപ്പുള്ളവരാകുമെന്നാണ് ഗാന്ധിജി ഉദ്ദേശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ഈ ക്രീമുകള്‍ സോഷ്യല്‍ മീഡിയ വഴി വിറ്റഴിക്കുന്നത്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി. ഒന്‍പത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പ്രധാനപരസ്യവാചകം. നിറം കറുപ്പായതിന്റെ പേരില്‍ കളിയാക്കപ്പെടുകയും കാമുകി ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന യുവാവിന് ‘ദൈവദൂതനെപ്പോലെ’ വൈറല്‍ ക്രീം സമ്മാനിക്കുന്ന കൂട്ടുകാരനാണ് ഇതിലെ പ്രധാന വിഷം. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ ഉപയോഗിച്ചാണ് ഇത്തരം ക്രീമുകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്ത് ചവറു വന്നാലും അതൊക്കെ സത്യമാണ് എന്ന് വിശ്വസിക്കുന്ന ഇപ്പോഴത്തെ യുവാക്കള്‍ ഈ കുഴിയിലും വീണു കഴിഞ്ഞു.
ഈ ക്രീമുകള്‍ ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത്ഭുതകരമായ മാറ്റങ്ങളാണത്രെ സംഭവിച്ചത്. എന്നാല്‍ ഉപയോഗം നിര്‍ത്തിയതിന് തൊട്ടുപിന്നാലെ ചര്‍മം വരണ്ടുണങ്ങുകയും പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. തൃശൂരില്‍ ഇത്തരത്തില്‍ ക്രീം ഉപയോഗിച്ച് ചര്‍മരോഗം ബാധിച്ച ഒരു യുവാവിന് ഏതാണ്ട് ആറ് മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. കോസ്മെറ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ രാജ്യത്ത് വ്യക്തമായ നിബന്ധനകളുണ്ട്. 1954 ലെ ഡ്രഗ് ആന്റ് മാജിക് റെമഡി ആക്ട് പ്രകാരം, വെളുത്ത നിറത്തെ നല്ലതിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായും കറുപ്പിനെ മോശമാക്കി ചിത്രീകരിക്കുന്നതും തടഞ്ഞിട്ടുണ്ട്. എന്നിട്ടും നമ്മള്‍ മലയാളികള്‍ വെളുക്കണം വെളുക്കണം എന്ന ചിന്തയില്‍ അങ്ങനെ നടപ്പാണ്.