16 ഇന്ത്യക്കാരുള്ള കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്നു എക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിച്ചെടുത്ത കപ്പല്‍ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയല്‍ ഗിനി സര്‍ക്കാര്‍. കപ്പല്‍ കൈമാറുമെന്ന് അറിയിച്ച് എക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ച് വീണ്ടും വീഡിയോ പുറത്ത് വിട്ടു. പതിനാറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ഹീറോയിക് ഇഡുന്‍ കപ്പലിന്റെ തൊട്ടടുത്ത് നൈജീരിയന്‍ നാവികസേന കപ്പല്‍ രണ്ട് ദിവസമായിട്ടുണ്ട്. ഏത് നിമിഷവും കപ്പല്‍ കസ്റ്റഡിയില്‍ എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്നതാണ് കപ്പലിലെ ജീവനക്കാരുടെ ആശങ്ക. ഇതിന് പിന്നാലെ എക്വറ്റോറിയല്‍ ഗിനി വൈസ് പ്രസിന്റ് ടെഡി ന്‍ഗ്വേമ കപ്പല്‍ കൈമാറുമെന്ന് ട്വീറ്റും ചെയ്തു. നൈജീരിയന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയല്‍ ഗിനി സര്‍ക്കാരിന്റെ വാദം.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കപ്പല്‍ കമ്പനിയില്‍ നിന്ന് ഇരുപത് ലക്ഷം ഡോളര്‍ പിഴ ഈടാക്കിയതിന് ശേഷമാണ് ഈ കൈമാറ്റം. ക്രൂഡ് ഓയില്‍ മോഷണം അടക്കമുള്ള ആരോപണമാണ് നൈജീരിയ കപ്പലിനെതിരെ ഉന്നയിക്കുന്നത്. അതേസമയം, ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് സിപിഎം കോണ്ഗ്രസ് എംപിമാര്‍ വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. കെ സി വേണുഗോപാല്‍, വി ശിവദാസന്‍, എഎ റഹീം എന്നിവരാണ് മോചനത്തിനായി ഇടപെടല്‍ നടത്തിയത്. വിഷയത്തില്‍ നൈജീരിയയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിദേശകാരമന്ത്രാലയത്തിന്റെ പ്രതികരണം. അടുത്ത ആഴ്ചയോടെ കപ്പല്‍ ജീവനക്കാര്‍ എക്വറ്റോറിയല്‍ ഗിനിയയുടെ തടവില്‍ ആയിട്ട് മൂന്ന് മാസം പിന്നിടും. സ്ത്രീധനപ്രശ്‌നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.