എ ജിയുടെ നിയമോപദേശം ; പാറശാല ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറും
വിവാദമായ പാറശ്ശാല ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ അന്വേഷണം കേരളത്തില്‍ നടത്തിയാല്‍ കുറ്റപത്രം നല്‍കിക്കഴിയുമ്പോള്‍ പ്രതി ഭാഗം കോടതിയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. ഇതോടെ ഷാരോണ്‍ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാന്‍ സാധ്യതയേറി. കേരളാ പൊലീസിന്റെ അന്വേഷണം ചോദ്യം ചെയ്യപ്പെട്ടേക്കുമെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയില്‍ അന്വേഷണ പരിധി സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കപ്പെട്ടേക്കാം. ഇത് എതിര്‍ഭാഗത്തിന് അനുകൂല സഹാചര്യമുണ്ടാക്കും. കുറ്റകൃത്യം നടന്നത് തമിഴ്നാട് പൊലീസിന്റെ പരിധിയിലാണ്. ഷാരോണിന്റെ മരണം നടന്നത് കേരളത്തിലും. ഈ സാഹചര്യത്തില്‍ കേരള പൊലീസിന്റെ അന്വേഷണത്തിന് നിയമതടസമല്ല. എന്നാല്‍ ഒരേ സമയം കേരളാ തമിഴ്നാട് പൊലീസുകളുടെ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നത്. അതേ സമയം ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കോടതയില്‍ ഹാജരാക്കും. ഉച്ചയ്ക്ക് ശേഷം ഗ്രീഷ്മയെ തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ എത്തിച്ച് തെളിവെടുത്തേക്കും.പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോണ്‍ രാജ് ഒക്ടോബര്‍ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുന്നത്.