രാജ്യം നിശ്ചലമായ മണ്ടത്തരത്തിനു ആറ് വര്‍ഷം ; എന്നിട്ടും കള്ളപ്പണത്തിനും കള്ളനോട്ടിനും കുറവില്ല

രാജ്യം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിനു ആറു വര്‍ഷം തികഞ്ഞു. നോട്ട് നിരോധനം എന്ന ബോംബ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാവങ്ങളുടെ മേല്‍ വര്‍ഷിച്ചത് 2016 നവംബര്‍ 8 നാണ്. അന്ന് രാത്രിയാണ് പ്രധാനമന്ത്രി നേരിട്ട് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് രാജ്യത്തെ എല്ലാ 500, 1000 രൂപ നോട്ടുകളും അര്‍ധ രാത്രിയോടെ അസാധുവാകുമെന്ന് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പെരുകുന്ന കള്ളനോട്ടുകളും കള്ളപ്പണവും ഇല്ലാതാക്കുക എന്നതായിരുന്നു ഈ പ്രാഖ്യാപനത്തിന് പിന്നിലെ ലക്ഷ്യം. രാത്രി 8 മണിയോടെയാണ് നോട്ട് നിരോധനം സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്തുന്നത്. തുടര്‍ന്ന് നാല് മണിക്കൂറിന് ശേഷം അന്ന് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ 86 ശതമാനവും അസാധുവായി.

മോദിയുടെ ഈ തീരുമാനം ചില സാമ്പത്തിക വിദഗ്ധരെ അത്ഭുതപ്പെടുത്തി, കള്ളപ്പണത്തിന്റെ 5 ശതമാനം മാത്രമാണ് കറന്‍സി രൂപത്തില്‍ സൂക്ഷിച്ചിട്ടുള്ളത് എന്നായിരുന്നു ഇവരുടെ വാദം. ബാക്കിയുള്ളത് റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ മറ്റ് ആസ്തികളുടെ രൂപത്തിലാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍, ആറ് വര്‍ഷത്തിനിപ്പുറം നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വാദം തുടരുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. 2016 ലെ ഈ നീക്കം പരിശോധിക്കേണ്ടതുണ്ടെന്നാണ് നോട്ട് നിരോധന തീരുമാനവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞത്.

കള്ളപ്പണം തുടച്ചു നീക്കുക, വ്യാജ കറന്‍സി നോട്ടുകള്‍ ഇല്ലാതാക്കുക, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ച് പണ രഹിത സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഈ ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനമായി എടുത്തു പറഞ്ഞത് കള്ളപ്പണം ഇല്ലാതാക്കലായിരുന്നു. കള്ളപ്പണം എന്നത് ബാങ്കിങ് സംവിധാനത്തില്‍ കണക്കാക്കാത്ത പണത്തെയോ സംസ്ഥാനത്തിന് നികുതി നല്‍കിയിട്ടില്ലാത്ത പണത്തെയോ ആണ് സൂചിപ്പിക്കുന്നത്. നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ആറ് വര്‍ഷം പിന്നിടുമ്പോള്‍, ഈ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നെങ്കിലും രാജ്യത്തിന് നേടാനായോ? എന്ന് ചോദിച്ചാല്‍ ഇല്ല എന്നാകും ഉത്തരം.