കത്ത് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിയമനത്തിന് പാര്‍ട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയര്‍, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൌണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹര്‍ജി നല്‍കിയത്. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങള്‍ കോര്‍പ്പറേഷനില്‍ നടന്നതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു. നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
കരാര്‍ നിയമനങ്ങള്‍ക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസില്‍ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നല്‍കിയിട്ടില്ലെന്ന് മേയര്‍ ആവര്‍ത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത് എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്.
വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ തിരക്കിട്ട് എഫ്‌ഐആറിടേണ്ടി വരുമെന്നും ഡിജിറ്റല്‍ രേഖകളടക്കം പരിശോധിക്കേണ്ടി വരുമെന്നുമിരിക്കെയാണ് അന്വേഷണം നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരിട്ട് മേയര്‍ പൊലീസില്‍ പരാതി നല്‍കാത്തതും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. പൊലീസ് കേസെടുത്താല്‍ സംശയിക്കുന്ന പാര്‍ട്ടി നേതാക്കളെ അടക്കം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാനാണ് നീക്കം. വിവാദത്തില്‍ മേയറുടെ മൊഴി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കത്ത് വ്യാജമാണെന്നും ഒപ്പ് സ്‌ക്യാന്‍ ചെയ്ത് കയറ്റിയതാകാമെന്നുമാണ് മേയറുടെ മൊഴി.