മമ്മൂക്കയെയും ജ്യോതികയെയും കാണാന്‍ ഷൂട്ടിംഗ് സെറ്റിലെത്തി സൂര്യ
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ജ്യോതികാ ചിത്രം കാതല്‍ ചിത്രീകരണത്തിന് മുന്നേ തന്നെ പ്രശംസയുമായെത്തിയ നടിപ്പിന്‍ നായകന്‍ സൂര്യ ഇന്ന് കാതലിന്റെ ലൊക്കേഷനില്‍ എത്തി. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് പ്രിയതാരം സൂര്യ അതിഥിയായി ലൊക്കേഷനില്‍ എത്തിയത് .മമ്മൂക്കയോടും ജ്യോതികയോടും കാതല്‍ ടീമിനോടും ഏറെ സമയം ചിലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. കഴിഞ്ഞ ദിവസം ഷൂട്ടിനിടയില്‍ ഒരാള്‍ പകര്‍ത്തിയ മമ്മൂക്കയുടെ സ്ഥാനാര്‍ഥിയായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നന്‍പകന്‍ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നല്‍കുന്ന ചിത്രമാണ് കാതല്‍ എന്നുറപ്പാണ്. സാലു കെ തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്.
കാതലിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനി തിയേറ്ററില്‍ റിലീസ് ചെയ്ത നിസ്സാം ബഷീര്‍ സംവിധാനം നിര്‍വഹിച്ച റോഷാക്കിന് ലോക വ്യാപകമായി പ്രേക്ഷകര്‍ നല്‍കിയ അംഗീകാരത്തോടെ ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ നവംബര്‍ 11 മുതല്‍ ലഭ്യമാണ്.
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച നന്‍പകന്‍ നേരത്ത് മയക്കം ഐ എഫ് എഫ് കെയിലെ അന്താരാഷ്ട്ര സിനിമാ മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, ചിത്രം തിയേറ്ററുകളിലേക്ക് എത്തണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍, ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും എന്നാണ് പ്രേക്ഷകരുടെ നിഗമനങ്ങളും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ദേശീയ ശ്രെദ്ധ പിടിച്ചു പറ്റിയ കാതലിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.