ദുരന്തമായി ഇന്ത്യ ; തോറ്റു പുറത്തേയ്ക്ക്

ലോകകപ്പില്‍ സെമിഫൈനലില്‍ കാലിടറി ഇന്ത്യ. ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ ഇംഗ്ലണ്ട് 17 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. തുടക്കം മുതല്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോസ് ബ്ടലര്‍- അലക്‌സ് ഹെയ്ല്‍സ് സഖ്യം വിജയത്തിന് ചുക്കാന്‍ പിടിച്ചു. 49 പന്തില്‍ നിന്ന് ഒമ്പത് ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടെ 80 റണ്‍സ് എടുത്ത ജോസ് ബട്‌ലറും 47 പന്തില്‍ നിന്ന് നാലു ഫോറും ഏഴു സിക്‌സറുകളും ഉള്‍പ്പെടെ 86 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. ഇന്ത്യന്‍ ബോളര്‍മാരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് വിനയായി.

തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവര്‍പ്ലേയില്‍ 38 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് നേടിയത് 63 റണ്‍സ്. ബൗളര്‍മാര്‍ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അനായാസം റണ്‍സ് കണ്ടെത്തി. 28 പന്തുകളില്‍ ഹെയില്‍സ് ഫിഫ്റ്റി തികച്ചപ്പോള്‍ 36 പന്തില്‍ ബട്‌ലറും അര്‍ധസെഞ്ചുറിയിലെത്തി. ആദ്യ പത്ത് ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് ആയിരുന്നെങ്കില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 98 റണ്‍സ്. ഫിഫ്റ്റിക്ക് പിന്നാലെ ബട്‌ലര്‍ ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ജയം എളുപ്പമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 168 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി. 33 പന്തില്‍ 63 റണ്‍സ് നേടിയ ഹാര്‍ദിക് ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് നേടി. ആദില്‍ റഷിദും ക്രിസ് വോക്സും ഓരോ വിക്കറ്റും നേടി.ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലെത്തി. കലാശപ്പോരില്‍ പാകിസ്താനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.