കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് കോടതി നോട്ടീസ്

കത്ത് വിവാദത്തില്‍ മേയര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങളെ പറ്റി മേയര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം എന്ന് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.. കേസ് നവംബര്‍ 25 -ാം തീയതി വീണ്ടും പരിഗണിക്കും.

വിവാദ കത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ നഗരസഭാഗം ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തില്‍ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ കോടതിക്ക് മുന്നില്‍ നിരത്തിയത്. അതേസമയം മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ കേസില്‍ ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്കെതിരെ ആയതിനാല്‍ വിശദീകരണം നല്‍കേണ്ടത് മേയര്‍ ആണെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ മേയര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനിലിനും നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ ഇത്തരത്തില്‍ നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീകുമാര്‍ ആരോപിച്ചു.