ഫേസ്ബുക്കില്‍ ജോലി കിട്ടി കാനഡയിലെത്തിയ ഇന്ത്യന്‍ യുവാവിന് പിറ്റേ ദിവസം തന്നെ കൂട്ടപ്പിരിച്ച് വിടലില്‍ പണി പോയി
ഒരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തില്‍ വിമാനം കയറിയ യുവാവിനെ കാത്തിരുന്നത് ദുരന്ത വാര്‍ത്ത. ഫേസ്ബുക്ക് മെറ്റയിലെ ജോലിക്കായി കാനഡയില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രം. മെറ്റയില്‍ കൂട്ടപ്പിരിച്ചു വിടലില്‍ ജോലി പോയ ഒരു ഇന്ത്യക്കാരന്റെ പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആണ്. ഹിമാന്‍ഷും വി എന്ന യുവാവിന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിലാണ് ഹിമാന്‍ഷു തനിക്ക് സംഭവിച്ച ദുരനുഭവത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മെറ്റയിലെ ജോലിക്കായി ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തിയിട്ട് രണ്ട് ദിവസം മാത്രമാണ് ആയിട്ടുള്ളതെന്ന് യുവാവ് പറയുന്നു.
ഐഐടി ഖരക്പൂറിലെ പഠനശേഷം ഗിറ്റ്ഹബ്ബ്, അഡോബ്, ഫ്‌ലിപ്കാര്‍ട്ട് അടക്കമുള്ള ബ്രാന്‍ഡുകളില്‍ ജോലി ചെയ്ത ശേഷമാണ് ഹിമാന്‍ഷുവിന് മെറ്റയില്‍ അവസരം ലഭിക്കുന്നത്. മെറ്റയില്‍ ചേരാനായാണ് കാനഡയിലേക്ക് എത്തിയത്. രണ്ട് ദിവസം കൊണ്ട് ആ യാത്ര അവസാനിച്ചുവെന്നാണ് യുവാവ് കുറിക്കുന്നത്. അടുത്ത പടി എന്താണെന്ന് വ്യക്തതയില്ലെന്നാണ് ഹിമാന്‍ഷു പോസ്റ്റില്‍ കുറിക്കുന്നത്. സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറുടെ ജോലിക്ക് അവസരമുണ്ടെങ്കില്‍ ബന്ധപ്പെടണം എന്നാവശ്യപ്പെട്ടാണ് ഹിമാന്‍ഷുവിന്റെ കുറിപ്പ്. ഫേസ് ബുക്ക് മാതൃകമ്പനിയായ മെറ്റയില്‍ 11,000 ലേറെ പേരെയാണ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പിരിച്ചുവിട്ടത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ മെറ്റാ ഇതിന് മുന്‍പ് തന്നെ കുറച്ചിരുന്നു. പിന്നാലെയാണ് പിരിച്ചുവിടലും ആരംഭിച്ചത്.
മെറ്റയുടെ 13 ശതമാനം ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. മഹാമാരി സമയത്തില്‍ മറ്റ് സോഷ്യല്‍ മീഡിയ കമ്പനികളെ പോലെ മെറ്റായും സാമ്പത്തികമായി മുന്നേറ്റം നടത്തിയിരുന്നു. കാരണം ലോക്ക്ഡൗണ്‍ കാരണം ആളുകള്‍ പുറത്തിറങ്ങാതെ അവസ്ഥയില്‍ എല്ലാവരും സോഷ്യല്‍ മീഡിയയെ കൂടുതല്‍ ആശ്രയിച്ചത് മെറ്റയ്ക്കും തുണയായി. ലോക്ക്ഡൗണ്‍ അവസാനിക്കുകയും ആളുകള്‍ വീണ്ടും പുറത്തിറങ്ങാന്‍ തുടങ്ങുകയും ചെയ്തതോടെ വരുമാന വളര്‍ച്ച കുറയാന്‍ തുടങ്ങി. മെറ്റയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നഷ്ടപ്പെട്ടത് മെറ്റയുടെ ദുരിതങ്ങള്‍ക്ക് വലിയൊരു കാരണവുമായി.