മാലെദ്വീപില്‍ വന്‍ തീപിടിത്തം ; 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു
മാലെദ്വീപില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാരടക്കം 10 പേര്‍ മരിച്ചു. മാലെദ്വീപ് തലസ്ഥാനത്തെ മാലെയിലുണ്ടായ തീപിടിത്തത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടത്തത്തില്‍ നശിച്ച കെട്ടിടത്തില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. പാര്‍പ്പിട സമുച്ചയത്തിലാണ് തീ പിടിത്തം ഉണ്ടായത്. പാര്‍പ്പിട സമുച്ചയത്തിലെ താഴത്തെ നിലയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീപിടത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒന്‍പതു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി സ്വദേശിയുമാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് പൊലീസ്. മാലിദ്വീപിലെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
”ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ മാലെയിലെ ദാരുണമായ തീപിടുത്തത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങള്‍ മാലിദ്വീപ് അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു”- മാലെദ്വീപിലെ ഇന്ത്യന്‍ ഹൈക്കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, വിദേശ തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചു. 250,000-ത്തോളം വരുന്ന ജനസംഖ്യയില്‍ പകുതിയും വിദേശികളാണ്. കൂടുതലും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് -19 സമയത്ത് വിദേശ തൊഴിലാളികള്‍ക്കിടയില്‍ തദ്ദേശവാസികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അണുബാധ മൂന്നിരട്ടി വേഗത്തില്‍ പടര്‍ന്നപ്പോള്‍ അവരുടെ മോശം ജീവിത സാഹചര്യങ്ങള്‍ വെളിച്ചത്തു വന്നിരുന്നു.