രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്
രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍ എന്നീ പ്രതികളെയാണ് ശിക്ഷാ കാലവധി തീരുംമുമ്പ് മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസത്തില്‍ മോചിപ്പിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് മറ്റുപ്രതികളേയും വിട്ടയക്കാനുള്ള കോടതിനിര്‍ദേശം.
പേരറിവാളന്റെ മോചന ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. ജയിലിലെ അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ മോചനത്തില്‍ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്ത് വന്നു. ജനാധിപത്യത്തിന്റെ ശബ്ദമാണ് സുപ്രീംകോടതി വിധിയെന്നാണ് സ്റ്റാലിന്റെ പ്രതികരണം. വിധി ജനാധിപത്യത്തിന് വില നല്‍കാത്തവര്‍ക്കുള്ള പ്രഹരമാണ്. ഗവര്‍ണര്‍ ജനാധിപത്യ സര്‍ക്കാരിന്റെ തീരുമാനം മാനിക്കണം. ഈ സന്ദേശമാണ് സുപ്രീംകോടതി വിധി നല്‍കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവ്.
31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലില്‍ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. 1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.