ഹിമാചല്‍ പ്രദേശില്‍ വോട്ടിടാന്‍ വരാതെ ജനങ്ങള്‍ ; പോളിംഗില്‍ വന്‍ ഇടിവ് ; ആശങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പ്രമുഖര്‍ എല്ലാം ഇറങ്ങി കാടിളക്കി പ്രചാരണം നടത്തിയിട്ടും ഹിമാചല്‍ പ്രദേശില്‍ വോട്ടിംഗ് ബൂത്തില്‍ എത്താതെ ജനങ്ങള്‍.ഇത്തവണ പോളിംഗിലുണ്ടായത് വന്‍ ഇടിവ് എന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 67 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് കുറഞ്ഞത് പാര്‍ട്ടികളെയെല്ലാം ഒരു പോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.കുറഞ്ഞ പോളിംഗ് ശതമാനം ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഫലമറിയാന് ഡിസംബര്‍ 8 വരെ കാത്തിരിക്കണം.
റെക്കോഡ് പോളിങ്ങാവണമെന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിട്ടും ഹിമാചല്‍ പ്രദേശില്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് അഞ്ചരയ്ക്ക് പൂര്‍ത്തിയായി. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ തുണച്ച സിര്‍മൗര്‍ ജില്ലയിലാണ് കൂടുതല്‍ പോളിംഗ് 72.79ശതമാനം. ആപ്പിള്‍ കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കിന്നൗറിലാണ് ഏറ്റവും കുറവ് 62 ശതമാനം. കഴിഞ്ഞ തവണ ബിജെപിയെ തുണച്ച ജില്ലകളായ 15 സീറ്റുള്ള കാംഗ്രയും, പത്ത് സീറ്റുള്ള മണ്ഡിയും 60 ശതമാനത്തിന് മുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയത് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. 21 മണ്ഡലങ്ങളിലെ ബിജെപി വിമതരും , ആംആദ്മി പാര്‍ട്ടിയും പിടിക്കുന്ന വോട്ട് ഇത്തവണ നിര്‍ണായകമാകും.
വോട്ടെടുപ്പ് ദിവസവും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ പ്രചാരണ ചുമതലയുള്ള രാജീവ് ശുക്ലയുടെ പേരില്‍ ബിജെപി വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കാംഗ്രയിലെ ബിജെപി സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ് പരാതിപ്പെട്ടു.