ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു

നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. ദുബായില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഷാരൂഖിന്റേയും കൂടെ ഉള്ളവരുടെയും ബാഗില്‍ വളരെ വില കൂടിയ വാച്ചുകള്‍ കണ്ടെത്തിയിരുന്നു. ഏകദേശം 18 ലക്ഷം വില വരുന്ന വാച്ചുകള്‍ ആണ് ബാഗില്‍ കണ്ടെത്തിയത്. ഇതാണ് താരത്തിനെ തടയാനുണ്ടായ കാരണം. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷം നടന്‍ തന്റെ മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പം വിമാനത്താവളത്തിന് പുറത്തേക്ക് വന്നെങ്കിലും കിംഗ് ഖാന്റെ അംഗരക്ഷകരെയും കൂടെ ഉള്ളവരെയും പുലര്‍ച്ചെയാണ് പോകാന്‍ അനുവദിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഷാര്‍ജ പുസ്തകമേളയ്ക്ക് വേണ്ടിയാണു തന്റെ സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തില്‍ ഷാരൂഖും കൂട്ടാളികളും ദുബായിലേക്ക് പോയി അര്‍ദ്ധരാത്രിയോടെ മുംബൈയിലേക്ക് മടങ്ങിയത്. മടക്കയാത്രയില്‍ ഷാരൂഖ് ഖാന്റെ സംഘം വിലകൂടിയ വാച്ചുകള്‍ കൈവശം വച്ചിരുന്നതായാണ് കണ്ടെത്തിയത് . കസ്റ്റംസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സൂപ്പര്‍താരം ഉള്‍പ്പടെയുള്ള സംഘത്തെ മുഴുവന്‍ തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു.