ഓജോബോര്‍ഡ് കളിക്കിടെ വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു
ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. കൊളംബിയയിലെ ഹാറ്റോയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ 11 വിദ്യാര്‍ഥികളാണ് ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്. ബോധരഹിതരായി കിടന്നിരുന്ന കുട്ടികളെ അധ്യാപകരാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് കടുത്ത ശ്വാസം മുട്ടലും ചര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നതായും വായില്‍നിന്ന് നുരയുംപതയും വന്നതായും അധ്യാപകരെ ഉദ്ധരിച്ച് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഓജോബോര്‍ഡ് കളിയ്ക്കുന്നതിനിടെ ബോധരഹിതരായത്.
ഇതില്‍ 5 വിദ്യാര്‍ഥികളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ സോക്കോറോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ഛര്‍ദ്ദിയും പേശിവലിവും അനുഭവപ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരേ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്ക് വയറുവേദന, പേശിവലിവ്, കടുത്ത ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ആരംഭിച്ചതെന്നും ബോധരഹിതരായതെന്നും റിപ്പോര്‍ട്ടുണ്ട്.