രണ്ടാം ഭാര്യയെയും ബന്ധുക്കളെയും കുടുക്കാന്‍ മകളെ കൊണ്ട് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിച്ച ശേഷം കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രണ്ടാം ഭാര്യയെയും ബന്ധുക്കളെയും കുടുക്കാന്‍ മകളെ കൊലപ്പെടുത്തിയ 40 കാരന്‍ അറസ്റ്റില്‍. ബന്ധുക്കളെ പ്രതിയാക്കാന്‍ മകളെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങിയ ശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയോട് തൂങ്ങിമരിക്കുന്നതുപോലെ അഭിനയിക്കാന്‍ ആവശ്യപ്പെടുകയും, ഫോട്ടോ എടുത്ത ശേഷം സ്റ്റൂള്‍ ചവിട്ടി മാറ്റുകയുമായിരുന്നു. നവംബര്‍ 6 നാണ് നാഗ്പൂരിലെ കലാംന പ്രദേശത്തെ വീട്ടില്‍ 16 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് അഞ്ച് ആത്മഹത്യാ കുറിപ്പുകള്‍ ലഭിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ രണ്ടാനമ്മയ്ക്കും മറ്റ് ചില ബന്ധുക്കള്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കലാംന പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുത പുറത്ത് വന്നത്.
ബന്ധുക്കളുടെ പേരില്‍ അഞ്ച് ആത്മഹത്യാക്കുറിപ്പുകള്‍ എഴുതാന്‍ പിതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി കഴുത്തില്‍ കുരുക്ക് മുറുക്കി നില്‍ക്കുന്ന ഫോട്ടോ എടുത്ത ശേഷം, സ്റ്റൂള്‍ ചവിട്ടി മാറ്റി. അച്ഛന്റെയും 12 വയസ്സുള്ള സഹോദരിയുടെയും കണ്‍മുന്നില്‍ ആണ് കുട്ടി മരിച്ചത്.പിതാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ആത്മഹത്യയ്ക്ക് സമാനമായ ഗൂഢാലോചന നടന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണില്‍ ഇര ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. തന്റെ ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞ് മകളോട് തൂങ്ങിമരിക്കുന്നതുപോലെ അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തതായി തെളിഞ്ഞു.