തിരുവനന്തപുരത്തെ കല്യാണത്തല്ലില്‍ വമ്പന്‍ ട്വിസ്റ്റ് ; അടി നടക്കാന്‍ കാരണം ബൈക്ക് ആക്‌സിഡന്റ്
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിന്റെ പിതാവിനെ ഓഡിറ്റോറിയത്തില്‍ കയറി ആക്രമിച്ചു എന്ന് പറയപ്പെടുന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രദേശവാസിയായ ആള്‍ ബൈക്ക് തട്ടി വീണത്തിനു പിന്നാലെ നടന്ന സംഭവങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് വിവരം. കോട്ടുകാല്‍ മന്നോട്ടുകോണം സ്വദേശിനിയായ യുവതിയുടെ വിവാഹ തലേന്ന് നടന്ന റിസപ്ഷനില്‍ ആണ് ആക്രമണം നടന്നത്. വധുവിന്റെ സഹോദരനും ചില സുഹൃത്തുക്കളുമായി കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്‌നങ്ങള്‍ നടന്നുവരികയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനിടയിലാണ് ഇന്നലെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും വധുവിന്റെ സഹോദരന്റെ സുഹൃത്തായ അഭിജിത്ത് ഓഡിറ്റോറിയത്തില്‍ എത്തി വിവാഹം ക്ഷണിക്കാത്തത് എന്താണ് എന്ന് ചോദിച്ച് വധുവിന്റെ പിതാവിന്റെ കയില്‍ 200 രൂപ നല്‍കി മടങ്ങിയത്. ഇതിന് പിന്നാലെ ചിലര്‍ ക്ഷണിക്കാത്ത വിവാഹത്തിന് എന്തിന് അഭിജിത്ത് എത്തി എന്ന് ചോദിക്കാന്‍ ബൈക്കുകളില്‍ പിന്നാലെ പോകാന്‍ ഇറങ്ങുമ്പോള്‍ ഓഡിറ്റോറിയത്തിന് മുന്നില്‍ വെച്ച് നടന്നു വരികയായിരുന്ന പ്രദേശവാസിയായ വൃദ്ധന്റെ ദേഹത്ത് ബൈക്ക് തട്ടി ഇയാള്‍ മറിഞ്ഞ് വീണു. വീഴ്ചയില്‍ പരിക്ക് പറ്റി മൂക്കില്‍ നിന്ന് ചോര ഒലിപ്പിച്ച് നിന്ന ഇദ്ദേഹത്തെ കണ്ട ഫുട്‌ബോള്‍ കളി കഴിഞ്ഞു വന്ന പ്രദേശത്തെ യുവാക്കളുടെ സംഘം ഇത് ചോദ്യം ചെയ്യാന്‍ ഓഡിറ്റോറിയത്തില്‍ എത്തിയതോടെയാണ് സംഘര്‍ഷം നടന്നത് എന്നാണ് വിവരം.
അഭിജിത്ത് ഈ കല്യാണം നടക്കാതെ മുടക്കും എന്ന് നേരത്തെ വെല്ലുവിളിച്ചിരുന്നു എന്നും ഇതിനെ തുടര്‍ന്ന് യുവാവ് നടത്തിയ അക്രമം ആണ് ഇതെന്നും മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ വധുവിന്റെ പിതാവായ അനില്‍കുമാര്‍ പറഞ്ഞു. കണ്ണിനും മുഖത്തും പരിക്ക് പറ്റിയ അനില്‍കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്ത് പോയ അഭിജിത്ത് ആണ് റോഡിലൂടെ പോയ വ്യക്തിയെ തള്ളിയിട്ടത് എന്നും തുടര്‍ന്ന് അഭിജിത്തിന്റെ കൂടെ വന്ന 150 ഓളം യുവാക്കളാണ് അക്രമം നടത്തിയത് എന്നും അനില്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ ശേഷം പൊലീസില്‍ പരാതി നല്‍കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.
അക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 25 പേര്‍ക്ക് പരിക്കുണ്ട് എന്നാണ് അനില്‍കുമാര്‍ പറയുന്നത്. പരിക്ക് പറ്റിയവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. അനില്‍കുമാര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി എത്തിയതോടെ മുന്‍ നിശ്ചയിച്ച പ്രകാരം വിവാഹ ചടങ്ങുകള്‍ ഇതേ ഓഡിറ്റോറിയത്തില്‍ തന്നെ നടന്നു. സംഭവത്തില്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബാലരാമപുരം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന് മുന്‍പും ഇതേ മണ്ഡപത്തില്‍ മറ്റൊരു വിവാഹത്തിന് ഇടയിലും സംഘര്‍ഷം നടന്നതായി പറയുന്നു.