സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലടി തുടരുന്നു ; കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ താല്പര്യം കാണിക്കാതെ വിദ്യാര്‍ത്ഥികള്‍
കേരളാ സര്‍വ്വകലാശാലകളെ തഴഞ്ഞു മലയാളി വിദ്യാര്‍ത്ഥികള്‍. മുന്‍പ് സീറ്റ് തികയാതെ വന്നിടത്ത് പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ കേരളത്തിലെ സര്‍വകലാശാലകള്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. കേരളത്തിലെ വിവിധ സര്‍വകലാശാലകളിലായി മൂവായിരത്തോളം ബിരുദ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമ യുദ്ധങ്ങളും രാഷ്ട്രീയ തര്‍ക്കങ്ങളും നടക്കുന്നതിനിടയിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സര്‍വ്വകലാശാലകള്‍ ഉപേക്ഷിക്കുന്നതിന്റെ കണക്കുകള്‍ പുറത്തു വരുന്നത്.
നാക് അക്രഡിറ്റേഷന്‍ എ പ്ലസ്പ്ലസ് യോഗ്യത ലഭിച്ച കേരള സര്‍വകലാശാലയിലടക്കം അഡ്മിഷന്‍ നടപടികള്‍ അവസാനിക്കുമ്പോള്‍ നൂറുകണക്കിന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 14 ഗവണ്‍മെന്റ് കോളേജുകളില്‍ 192 സീറ്റുകളും, 39 എയ്ഡഡ് കോളേജുകളിലായി 2,446 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന 34 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലും 60 സ്വാശ്രയ കോളേജുകളിലുമായി 50 % ത്തോളം സീറ്റുകളും അപേക്ഷകരില്ലാതെ കിടക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് അലോട്ട്‌മെന്റും ഒരു സ്‌പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോള്‍ പ്രവേശനം അവസിപ്പിച്ചിരുന്നിടത്ത് ഇപ്പോള്‍ നാല് അലോട്ട്‌മെന്റ്കളും രണ്ട് സ്‌പോട്ട് അഡ്മിഷനുകളും നടത്തിയ ശേഷവും കുട്ടികളില്ല. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതല്‍ സീറ്റ് ഒഴിവുള്ളത്. ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികള്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ബിരുദ പഠനത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോകുന്നതും താരതമ്യേന മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുവാന്‍ വിമുഖത കാട്ടുന്നതും ഇതിന് കാരണമായി പറയപ്പെടുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അടക്കമുള്ളവര്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.