ഓട്ടം വിളിച്ച വണ്ടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊന്ന 72കാരന്‍ അറസ്റ്റില്‍

വെഞ്ഞാറമൂട്ടില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. വെഞ്ഞാറമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലയെന്നാണ് വിവരം. വെഞ്ഞാറമൂട് നിന്നും കാരേറ്റിലേക്കുള്ള യാത്രയ്ക്കിടെ ആലന്തറ പെട്രോള്‍ പമ്പിന് സമീപം വെച്ച് ഓട്ടോയുടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന കാരേറ്റ് മാമാട് പിള്ള വീട്ടില്‍ പ്രഭാകരന്‍ (72) ആണ് ഷിജുവിനെ കുത്തിയത്. കയ്യില്‍ കരുതിയ കത്തിയെടുത്ത് പ്രഭാകരന്‍ ആഴത്തില്‍ കുത്തുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് എത്തിയാണ് ഷിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അന്ന് തന്നെ പിടികൂടിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷിജു മരണമടഞ്ഞത്. ഇവര്‍ തമ്മില്‍ നേരത്തെ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. തുടര്‍ന്നാണ് പ്രഭാകരന്‍ നടത്താന്‍ പ്ലാന്‍ ചെയ്തു ഷിജുവിന്റെ ഓട്ടോ വിളിക്കുന്നതും കൊലപാതകം നടത്തിയതും.