മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു
ശരണമന്ത്രഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നതോടെ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.
നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായ ജയരാമന്‍ നമ്പൂതിരിയേയും ഹരിഹരന്‍ നമ്പൂതിരിയേയും തന്ത്രി കലശാഭിഷേകം നടത്തി അവരോധിക്കും. വ്യാഴാഴ്ച വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുക. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും.2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനകാലം പൂര്‍ത്തിയാക്കി ജനുവരി 20ന് നടയടക്കും. കോവിഡ് ഭീഷണി ഒഴിഞ്ഞ ശേഷമുള്ള ആദ്യ തീര്‍ത്ഥാടനകാലമാണ് വരുന്നത്. അതുകൊണ്ടുതന്നെ മുന്‍ വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ തിരക്ക് ഇത്തവണ പ്രതീക്ഷിക്കുന്നു.